Friday, 21 January 2011

ചില നാടകങ്ങള്‍

അവസാനത്തെ ചാന്‍സ് ആണ് ഇതുവരെ  പടച്ചോന്‍ സഹായിച്ചു  ഒരു  നല്ല പേര് ഉണ്ടാക്കാന്‍ പറ്റിയിട്ടില്ല , ഹോം വര്‍ക്ക്‌ ചെയ്യാത്തവര്‍ സ്ഥിരമായി പ്രാക്ടിക്കല്‍ ക്ലാസ്സിനു പുറത്തു കാവല്‍ നില്‍ക്കുന്നവര്‍ ഒരു ചോദ്യത്തിനും മറുപടി പറയാത്തവര്‍  എന്നിങ്ങനെ ചില സല്പേരുകള്‍ മാത്രമേ ഇത് വരെ ഉള്ളു . ഇനി ആകെ ഉള്ളതു ഒരു യൂത്ത് ഫെസ്ടിവലാണ് അതിനെങ്കിലും  എന്തെങ്കിലും ചെയ്യണം,  അങ്ങനെയെങ്കിലും എന്തെങ്കിലും ഒരു ടാലന്റ് ഉണ്ടെന്നു അധ്യാപകരും അറ്റ്‌ലീസ്റ്റ് പെണ്‍കുട്ടികളെങ്കിലും തെറ്റിധരിചോട്ടെ , അങ്ങനെയാണ് ഒരു നാടകമായാലോ എന്നെ അഭിപ്രായം ഉയര്‍ന്നു വന്നത് .പല സിനിമ നടന്മ്മാരും വിദ്യാഭ്യാസ ജീവിതത്തില്‍ നമ്മളെയൊക്കെ പോലെ ആയിരുന്നെന്നും പിന്നീടവര്‍ ആ നാടിന്റെയും സ്ഥാപനത്തിന്റെയും അഭിമാനമായി മാറുകയും ചെയ്തു എന്ന ത്രസിപ്പിക്കുന്ന കഥകള്‍  അഭിനയത്തെകുറിച്ചോര്‍ത്തപ്പോള്‍ പലരുടെയും മനസ്സിലൂടെ കടന്നു പോയി .
ഇരുപതു മിനുട്ടില്‍ ഒതുങ്ങുന്ന ഒരു സ്ക്രിപ്റ്റ് വേണം സ്ത്രീ കഥാപാത്രങ്ങള്‍ പാടില്ല ( താല്‍പ്പര്യമില്ല എന്നല്ല അവളുമാരെ കിട്ടില്ല ) അധികം മേക്ക്- അപ്പൊ സെറ്റിന്ഗ്സോ പാടില്ല ( അതിനുള്ള വകുപ്പില്ല ) എന്റെ ഗൂഗിള്‍ മനസ്സില്‍ കുറെ റിസള്‍ട്ട്‌ വന്നു , ചന്ദ്രേട്ടന്റെയും അബ്ബാസ്സിക്കയുടെയും  കയ്യില്‍ സ്ക്രിപ്റ്റ് ഉണ്ട്  ,വിളിച്ചാല്‍ സ്ക്രിപ്ടിനോപ്പം അവരും ഇങ്ങു പോരും അത്  പണിയാകും പിന്നെ അവരെ പിരിച്ചു വിടുമ്പോഴേക്കും റബ്ബര്‍ഷീറ്റ് ,തേങ്ങ , അടക്ക തുടങ്ങിയവയുടെ അനധികൃത വില്പനയ്ക്ക് വീട്ടുകാരും നാട്ടുകാരുമായി പലരും ഞങ്ങളില്‍ പലരുടെയും ദേഹത്ത് കൈ വെക്കാനുള്ള സാധ്യത വളരെ കൂടുതലാണ് , പിന്നെ മലയാളം ടീച്ചറോട് ഒരു നാടകമെഴുതി തരാന്‍ പറഞ്ഞാല്‍ അവര്‍ അത് തരുമായിരുന്നു പക്ഷെ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പുണ്ടായ ചില സൈദ്ധാന്തിക ചര്‍ച്ചകള്‍ ടീച്ചര്‍ കേള്‍ക്കാനിടയാകുകയും ഭരണഘടയില് ഇല്ലാത്ത പദ പ്രയോഗങ്ങള്‍ ആ ചര്‍ച്ചയില്‍ ഉള്‍പ്പെടുകയും ചെയ്തിരുന്നതിനാല്‍ ഞങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ കാര്യമായ വിള്ളല്‍ സംഭവിച്ച സമയമായിരുന്നു അത്. പിന്നെയുള്ള ഒരു ഓപ്ഷന്‍ നാട്ടിലെ  ലൈബ്രറിയാണ്  മേല്‍പ്പറഞ്ഞ
ലക്ഷണങ്ങളോട് കൂടിയ ഒരേ ഒരു നാടകമേ അവിടെയോളളൂ അതാകട്ടെ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ ചെയ്തു പോയി.
സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് പറിച്ചെടുത്ത ഒരേടായിരുന്നു കഥ ,ആദ്യ സീനില്‍ വൈസ്രോയിയുടെ വിളംബരവുമായി എത്തിയ റയീസ് എത്ര കൊട്ടിയിട്ടും ഡ്രെമ്മില്‍ നിന്നും ശബ്ദമൊന്നും വരുന്നില്ല തല താഴ്ത്തി നോക്കുമ്പോഴാണ് അവന്റെ കൈകള്‍ ഡ്രെമ്മില്‍ തട്ടുന്നില്ലെന്നും അത് ഡ്രെമ്മിനടിയിലൂടെ അനായാസം കടന്നു പോകുകയാണെന്നും സ്പര്‍ശനം എന്ന പ്രക്രിയ നടക്കുന്ന വിവരം അറിയിക്കാന്‍ പറ്റാത്ത വിധം തലച്ചോര്‍ ബേജാര്‍ എന്ന അവസ്ഥക്ക് നിര്‍ദയം കീഴടങ്ങിയിരിക്കുകയാണ് എന്നുമുള്ള സത്യം അവന്‍ തിരിച്ചറിയുന്നത് . ജെംഷാദാണ് വില്ലന്‍ ,ക്രൂരനായ ഒരു സായിപ്പായി അവനെ തിരഞ്ഞെടുക്കുമ്പോള്‍ കൂട്ടത്തില്‍ ഒരല്പ്പമെങ്കിലും തൊലിവെളുപ്പു എന്നത് മാത്രമായിരുന്നു മാനദണ്ഡം. ജെംഷാദിന്റെ 'കരുണ' ത്തിലുള്ള മുഖഭാവം കണ്ടു ഈ പാവത്തിനെ പിടിച്ചു വില്ലനാക്കിയതില്‍ പലരും പല്ല് ഞെരിക്കുന്നുണ്ടായിരുന്നു എന്ന് മാത്രമല്ല അവസാനം സായിപ്പിനെ തോക്കുകൊണ്ട്  വെടിവെക്കുമ്പോ ശബ്ദം പ്ലേ ചെയ്യാമെന്ന് പറഞ്ഞ ആള് പോലും ആ നിഷ്കളങ്കഭാവത്തില്‍ അക്കാര്യം മറന്നുപോയി ..
ഒടുവില്‍ വെടിവെയ്ക്കുന്ന കൂട്ടത്തില്‍  നായകനായ  ജിജോ തന്നെ ഒരു ശബ്ദമുണ്ടാക്കി ,ആ ശബ്ദം പിന്നീട് ചരിത്രത്തിന്റെ ഏടുകളില്‍ എഴുതി ചേര്‍ക്കപ്പെട്ടു - എഴുത്തില്‍ ആ ശബ്ദത്തെ ഏതാണ്ട് ഇങ്ങനെ രേഖപ്പെടുത്താം '' ട്രുഷ്ക്യാ ".

ഈ നാടകച്ചരിത്രത്ത്തില്‍ നിന്ന് മോചനം നേടാന്‍ നീണ്ട നാല് വര്‍ഷങ്ങള്‍ കഴിഞ്ഞു, അതിനു ശേഷമാണ് ഇങ്ങനെയൊരു അവസരം ,ഉളുപ്പില്ലായ്മ എല്ലാവര്ക്കും കിട്ടുന്ന ഒരു കഴിവല്ലെന്നും ഒരു പ്രായത്തിനപ്പുറം ഒരു പക്ഷെ ഈ കഴിവ് നിലനിര്‍ത്താന്‍ സാധിച്ചെന്നുവരില്ലെന്നും ഉള്ള ചിന്തകളാണ് ഇത്തവണ ഞങ്ങളെ മുന്നോട്ടു നയിച്ചത്, ആ ചിന്ത അതിന്റെ പാരമ്യത്തിലെത്തിയപ്പോള്‍ സ്ക്രിപ്റ്റ് നമുക്ക് തന്നെ എഴുതാമെന്ന് തീരുമാനമായി .അമേരിക്ക ഇറാക്കിനോട് അതിക്രൂരമായി പെരുമാറുന്നു എന്നും ഇതിനെതിരെയുള്ള ശക്തമായ ഒരു പടവാളായിരിക്കണം നമ്മുടെ നാടകമെന്നും പറഞ്ഞത് വിജെഷാണ്, അത് കൊള്ളാം ,മരുഭൂമി- സെറ്റിംഗ്സ് ഒന്നും വേണ്ട  ഞാനാദ്യം ചിന്തിച്ചത് അങ്ങനെയാണ് . യുദ്ധം കാണിക്കേണ്ടി വരില്ലേ - വിപിന്റെ സംശയമായിരുന്നു- നമ്മുടേത്‌ ഒരു ബുജി സംഭവമാണെന്നും കാര്യങ്ങള്‍ വളരെ സിംപോളിക് ആയിരിക്കുമെന്നും ഞാനവനെ പറഞ്ഞുമനസ്സിലാക്കി ,സ്ക്രിപ്ടായി ,റിഹേര്‍സല്‍ തുടങ്ങി ആ പേരില്‍ അങ്ങനെയും  കുറെ ക്ലാസ്സുകള്‍ കട്ടുചെയ്തു. ഈ പരിപാടിക്ക് സര്‍വ്വ പിന്തുണയും നല്‍കി ആദ്യമേ ഇറങ്ങി പുറപ്പെട്ട അനീഷിനു പറ്റിയ ഒരു ഡയലോഗ് ഉണ്ടാക്കാനാണ് പിന്നെ ഞങ്ങള്‍ കഷ്ടപ്പെട്ടത് ,വളരെ ചെറിയ ഡയലോഗ് ആയിട്ടും ഓരോ തവണയും അവനതു തെറ്റിച്ച്ചുകൊണ്ടേയിരുന്നു , ആ സമയത്ത് അത് ചിരിക്കുള്ള വകയായിരുന്നെങ്കിലും സ്റെജിനോടടുക്കുംതോറും  ടെന്‍ഷന്‍ കൂടി കൂടി വന്നു..അവസാനത്തെ റിഹേര്‍സലിനും അനീഷ്‌ ഡയലോഗ്  തെറ്റിച്ചു , അതോടെ നാടകത്തിലെ ആ രംഗം എങ്ങനെയാകുമെന്നു ഉറപ്പായി അനീഷിനെ ഒന്നും പറയാനും വയ്യ പ്രധാന സ്പോന്‍സര്‍ അവനാണല്ലോ എങ്കിലും വേദിയിലേക്ക് കയറുന്നതിനുമുന്‍പ് ഒരിക്കല്‍ കൂടി അവനോടു പറഞ്ഞു അനീഷേ ചതിക്കല്ലേ ..അങ്ങനെ നാടകം തുടങ്ങി ,സര്‍വ്വത്ര നിശബ്ദത എന്താണ് സംഭവിക്കുന്നത്‌ ,എന്തെങ്കിലും സംഭവിക്കുന്നുണ്ടോ എന്നറിയാന്‍ പൊതുവേ അലമ്പന്‍മാരായ  കാണികള്‍ സാകൂതം  നോക്കി നില്‍ക്കുയാണ് , പ്രഭാകരന്‍മാഷ് കണ്ണട വച്ചും വെക്കാതയും നാടകം മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ എനിക്കുതന്നെ ചിരിവന്നു.അങ്ങനെ കാത്തിരുന്ന അനീഷിന്റെ സീന്‍ വന്നു മിരാക്കിള്‍സ് എപ്പഴോക്കെയാണ് സംഭവിക്കുക എന്ന് പറയാന്‍ പറ്റില്ലല്ലോ അനീഷ്‌ ഡയലോഗ് കൃത്യമായി പറഞ്ഞു, പക്ഷെ കൂട്ടത്തില്‍ അവന്‍ മറ്റൊന്നുകൂടി പറഞ്ഞു " ഡയലോഗ് കറക്ടല്ലേ ?"  ഞാന്‍ ചിരിച്ചോ കരഞ്ഞോ എന്ന് കൃത്യമായി എനിക്കോര്‍മ്മയില്ല , എന്തായാലും നാടകത്തെ പോലെ ആ പറഞ്ഞതും കാണികള്‍ക്ക്  മനസ്സിലായില്ല അതുകൊണ്ട്തന്നെ നന്നായിട്ട് കൂവാനുള്ള ഒരവസരം അവര്‍ നഷ്ടപ്പെടുത്തി .

4 comments:

 1. നന്നായിട്ടുണ്ട് അരുണ്‍ ... വായിച്ചിട്ട് ചിരിച്ചു പോയി ... ഇതുപോലെ ഉള്ള പോസ്റ്കള്‍ ഇനിയും പ്രതീഷിക്കുന്നു

  ReplyDelete
 2. തകര്‍പ്പനായിട്ടുണ്ട്,ഞാനും ശരിക്ക് ചിരിച്ചു...പിന്നെ ഇതില്‍ നിന്നും പ്രചോദനവും ആവേശവും ഉള്‍ക്കൊണ്ടു അപ്പോതന്നെ ജെനിതകവിശേഷങ്ങളില്‍ പുതിയ ഒരു പോസ്റ്റും ഇട്ടു...

  ReplyDelete
 3. നന്നായി കൈ അടിക്കാനുള്ള എന്റെ അവസരം ഞാന്‍ നഷ്ടപ്പെടുത്തുന്നില്ല..a big hand!!
  നാടകം കഴിഞ്ഞു അരുണ്‍ കരഞ്ഞോ ചിരിച്ചോ ...ആ ...!! പക്ഷെ story കഴിയും മുന്‍പേ തന്നെ ഞാന്‍ ചിരിച്ചു ...ഒരുപാട്...കുറെ നാളുകള്‍ക്കു ശേഷം ഒന്ന് വായിച്ചു ചിരിച്ചു...
  really superb !!! while reading, me had the visuals in mind. felt like watching that play ...

  ReplyDelete
 4. അനീഷ്‌ കലക്കി...അവനാണു നടന്‍..! കൊള്ളാം..!!

  ReplyDelete