Monday, 3 February 2014

പാപം ചെയ്യാത്തവൻ
പാപം ചെയ്യാത്തവരോട് കല്ലെറിയാൻ പറയുമ്പോൾ​ ഞാനേറ്റവും മുന്നിലെത്തെ നിരയിലായിരുന്നു. ഒരു നിമിഷം ഞാൻ കണ്ണടച്ചു. എന്നിലേക്കു തറയ്ക്കുന്ന ഒരു പാടു കണ്ണുകളെ ഞാൻ കണ്ടു. അച്ഛൻ.. അമ്മ.. ഭാര്യ കുട്ടികൾ..നാട്ടുകാർ, അധ്യാപകർ..സഹപ്രവർത്തകർ..അവരുടെ മുന്നിൽ പാപം ചെയ്തവനാകാൻ എനിക്കു താൽപ്പര്യമില്ലായിരുന്നു. ഏതായാലും ഇത്രേം പാപം ചെയ്തു ഇനി ഇതുകൂടിയാവാം എന്നുകരുതി ഞാൻ കുനിഞ്ഞ് കല്ലെടുത്തു...ഞാൻ മാത്രമേ കല്ലെടുക്കൂ, എനിക്കാളാകാം എന്നൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു.  പക്ഷെ.. തിരിഞ്ഞു നോക്കുമ്പോൾ​ എല്ലാവരും കല്ലെടുത്ത് എറിയാൻ തുടങ്ങിയിരുന്നു. 

Monday, 2 December 2013

കഥയും കഥാപാത്രങ്ങളും..താനില്ലാത്ത  തന്നെ പരിചയമുള്ള​ ഒരാൾ പോലുമില്ലാത്ത ഒരു കഥയെഴുതാനുള്ള ​അന്വേഷണത്തിലായിരുന്നു അയാൾ. തെരുവുകളിലും  ആഢംബര സൌധങ്ങളിലും   താഴ്വാരങ്ങളിലും പുഴയോരങ്ങളിലും കടൽത്തീരങ്ങളിലും എല്ലാം അന്വേഷിച്ചു,  കരിയും ചളിയും പുരണ്ടവരിലും ഒരിക്കൽപ്പോലും വിയർപ്പിന്റെ ഉപ്പുഗന്ധം അറിയാത്തവരേയും എല്ലാം പിന്തുടർന്നു.അവർക്കാർക്കും അയാളെ പരിചമുണ്ടായിരുന്നില്ല പക്ഷെ അവരിലൊക്കെ അയാളെ അറഇയാവുന്നവരുടെ അംശം അയാൾ കണ്ടു. കാലവും ദൂരവും താണ്ടി സഞ്ചരിച്ചു നോക്കി നിരാശയായിരുന്നു ഫലം.ശകുനിയും യൂദാസും തോളിൽ കൈയ്യിട്ടുപോകുന്നത് വൈകുന്നേരം ബാറിലിരുന്നപ്പോൾപ്പോലും കണ്ടതാണ്, ജൂലിയസ് സീസർ കൂട്ടുകാരൻ ബ്രൂട്ടസിനെ അന്വേഷിച്ച് ഇന്നലേംകൂടെ സ്റ്റാഫ് റൂമിൽ വന്നിരുന്നു,തുഗ്ളക്കിന്റെ പരിഷ്ക്കാരങ്ങൾക്കെതിരെ അല്ലേ ഇന്ന് കോളേജിൽ കുട്ടികൾ സമരം ചെയ്തത്.  അങ്ങനെ ഒട്ടേറെ ആലോചനകൾക്കൊടുവിൽ​ അയാൾ ഒരു സയൻസ് ഫിക്ഷൻ എഴുതാൻ മനസ്സുറപ്പിച്ചു. പതിനാല് ലക്ഷം വർഷങ്ങൾക്ക് മുൻപ്   പ്രപഞ്ചത്തിലുണ്ടായ രണ്ട് വ്യത്യസ്ത സ്ഫോടനങ്ങൾ അതിൽ സൃഷ്ടിക്കപ്പെട്ട രണ്ട് ഗ്രഹങ്ങൾ കറങ്ങിത്തരിഞ്ഞ് ഒടുവിൽ പരസ്പരം കൂട്ടിയിടിക്കാൻ പോവുകയാണ്. ഈ കൂട്ടിയിടി ഒഴിവാക്കാൻ പലരും ശ്രമിക്കുന്നു..പക്ഷെ പരാജയപ്പെടുന്നു..അവ കൂട്ടിയിടിക്കപ്പെടുന്നു. ഇതായിരുന്നു കഥ. പക്ഷെ ആ കൂട്ടിയിടി തന്റെ പ്രണയമാണെന്ന് തിരിച്ചറിയുന്നതോടെ അയാൾ പ്രപഞ്ചമായി. താനില്ലാതെ ഒന്നുമില്ലെന്ന തിരിച്ചറിവിൽ ചുറ്റിലുമുള്ളതെല്ലാം അയാൾ തച്ചുടച്ചു.  

Wednesday, 31 July 2013

ശനിയാഴ്ചയിലെ കളി

ശനിയാഴ്ചയിലെ കളി


‘’കുറ്റം പറയുകയാണെന്ന് വിചാരിക്കരുത്, എന്റെ അഭിപ്രായം പറയുന്നു അത്രയേയൊള്ളൂ ആ മനോജിന് കാര്യമായ പണിയൊന്നുമില്ലാത്തത് കൊണ്ടാണ് അയാളിങ്ങനെ മറ്റുള്ളവരുടെ കുറ്റോം പറഞ്ഞ് നടക്കുന്നത് ഇയാൾക്കൊക്കെ കാര്യമായ എന്തെങ്കിലും അസൈൻമെന്റ് കൊടുക്കണംന്നേ അപ്പഴേ നന്നാകൂ അതിനെങ്ങനേ ആ മാനേജർ ശശിയ്ക്ക് ഇതിനുവല്ലോം നേരം വേണ്ടേ , അയാള് ഫുൾ ടൈം ആ ശാലിനിയുടെ പാവാടേ തൂങ്ങി നടക്കുവല്ലേ, ശാലിനി അവള് പണ്ട് വർക്ക് ചെയ്തിരുന്നത് എന്റെ ഒരു സുഹൃത്തിന്റെ ഓഫീസിലായിരുന്നല്ലോ അവിടെ അവൾക്ക് നല്ല പേരായിരുന്നു അവിടുന്ന് അവളെ ഇങ്ങോട്ട് കൊണ്ടുവന്നതാരാ നമ്മുടെ ജോസഫ്,  ജോസഫിന് പണ്ടേ ഒരു കണ്ണുണ്ടായിരുന്നതാ എന്നിട്ടിപ്പൊ എന്തായി ശശി കേറിയങ്ങ് ഫോർവേഡ് കളിക്കാൻ തുടങ്ങി അങ്ങനെ ശശി കാരണം ജോസഫിപ്പൊ വെറും ശശിയായി........’’
അത്രേം പറഞ്ഞി നിർത്തിയപ്പോഴാണ്  ടി.വിയിൽ തന്നോട് ശാരീരിക ബന്ധം പുലർത്തിയ  മന്ത്രിയുടെ പേര് ഒരു പെൺകുട്ടി വെളിപ്പെടുത്തിയതായുള്ള വാർത്തകണ്ട്  സണ്ണിക്കുട്ടി വാ പൊളിച്ച് പോയത്.
‘’ഏയ് ബ്രേക്കായി...ബ്രേക്കായി...’’
സണ്ണിക്കുട്ടിയ്ക്ക് ചുറ്റുമിരുന്നവർ കൈകൊട്ടിക്കൊണ്ട്  ആർത്തുവിളിച്ചു. നോൺ സ്റ്റോപ്പ് പരദൂഷണം കളിയിൽ അങ്ങനെ  നന്നായി കിട്ടിയ ഒരു തുടക്കം മുതലാക്കാനാവാത്ത നിരാശയിൽ സണ്ണിക്കുട്ടി തലയിൽ കൈവെച്ചിരുന്നുപോയി. ലജ്ജമറക്കാൻ അയാളാ നിമിഷം മുതൽ ആരോപണവിധേയനായ മന്ത്രിയെ കുറ്റം പറയാൻ തുടങ്ങി. മന്ത്രിമാത്രമല്ല അയാളുടെ അച്ഛനും ഇങ്ങനാണെന്നും തന്റെ പരിചയത്തിലുള്ള ഒരു സ്ത്രീയുമായി വരെ അയാൾക്ക് ബന്ധമുണ്ടെന്നും വരെ സണ്ണിക്കുട്ടി പറഞ്ഞു വെച്ചു.
അടുത്ത ഊഴം രശ്മിയുടേതാണ്, രശ്മി തൊണ്ടയനക്കി ഒരു നിമിഷം കണ്ണടച്ച് കാര്യങ്ങളൊക്കെ ഓർത്തെടുക്കുകയാണ്. ഇന്നത്തെ കളിയുടെ അവസാനത്തെ മത്സരാർത്ഥിയാണ് രശ്മി. ബാദുഷയും രാകേഷും നിമ്മിയും സിതാരയും അജേഷുമായിരുന്നു മറ്റ് മത്സരാർത്ഥികൾ. ഓഫീസിലെ പരദൂഷണം പറഞ്ഞുള്ള  ഈ കളിയിൽ രശ്മി മാത്രമാണ് ആ ഓഫീസിന് പുറത്തുള്ള മത്സരാർത്ഥി. അജേഷിന്റെ ഭാര്യയാണെന്നതും രശ്മിയുടേയും അജേഷിന്റേയും ഫ്ളാറ്റിലാണ് എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരങ്ങളിൽ  ഈ കളി നടക്കുന്നതെന്നതുമാണ് രശ്മിയുടെ ഈ മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയായികണക്കാക്കിയിരുന്നത്. എന്നിരുന്നാലും രശ്മി കളിയിൽ ഒട്ടും മോശമായിരുന്നില്ല പല ആഴ്ചകളിലും ഏറ്റവും കൂടുതൽ സമയം നിർത്താതെ കുറ്റം പറഞ്ഞ് വിജയിക്കുള്ള ഒരു കിലോ അണ്ടിപ്പരിപ്പ്  അവർ സ്വന്തമാക്കിയിട്ടുണ്ട്.
മോശമല്ലാത്ത പ്രകടനമായിരുന്നു രശ്മിയുടേത്, കുറ്റം പറയുന്നതിനിടയ്ക്ക്  പുതിയതായി ജോയിൻ ചെയ്ത ഒരു പയ്യന്റെ പേര് പരാമർശിക്കുന്നിടത്ത് വാക്കുകളുടക്കി രശ്മി ഔട്ടാകുകയായിരുന്നു.  ഓരോരുത്തരുടേയും പ്രകടനം  രാകേഷിന്റെ ടാബിൽ വീഡിയോ ആയിത്തന്നെ റെക്കോർഡ് ചെയ്തിരുന്നു. സമയത്തിന്റേയും അനർഘ നിർഗ്ഗളമായി വാക്കുകൾ പ്രവഹിച്ചതിന്റെ ഭംഗിയും എല്ലാം കണക്കാക്കി അവർകൂട്ടായിത്തന്നെ  ഈ ആഴ്ചയിലെ വിജയിയായി നിമ്മിയെ തിരഞ്ഞെടുത്തു.ഒരു കിലോ അണ്ടിപ്പരിപ്പിന്റെ പാക്കറ്റ് സമ്മാനമായി നൽകുകയും ചെയ്തു. ഈ ആഴ്ചയിലും സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും   ഇങ്ങനൊരു കളി ഭയങ്കര ആശ്വാസം തരുന്നെന്നും  ഇതും കൂടിയില്ലായിരുന്നെങ്കിൽ തിങ്കളാഴ്ച ഓഫീസിലേക്കേ പോകാൻ തോന്നില്ലെന്നും ബാദുഷ അഭിപ്രായപ്പെട്ടു. പറയാൻ വിട്ടുപോയ പോയന്റുകളെക്കുറിച്ച് സിതാര പരിതപിക്കുന്നതിനിടയിൽ രശ്മി ആഹാരം  മേശപ്പുറത്ത് നിരത്തി വെച്ചു.ഹോം ഡെലിവെറിക്കാരൻ പയ്യന്റെ ആത്മാർത്ഥതേയും ഇത്രപെട്ടന്ന് ഇതെല്ലാം കൃത്യമായി ഓരോ സ്ഥലങ്ങളിലെത്തിക്കുന്നതിന്റെ നൈപുണ്യത്തേയും രശ്മി ഇതിനിടയ്ക്ക്  വാനോളം പുകഴ്ത്തുന്നുണ്ടായിരുന്നു എന്നത്  അവളുടെ ഭർത്താവ് അജേഷിനെ അൽപ്പം അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു.
പെട്ടന്ന് ഒരു ഫോൺകോൾ വന്നപ്പോൾ സണ്ണിക്കുട്ടി അതുമായി
എഴുന്നേൽക്കുകയും ഒരത്യാവശ്യമാണെന്നും താനിറങ്ങുകയാണെന്നും കൈകൊട്ടും തലകൊണ്ടുമെല്ലാം ആഗ്യം കാണിച്ചു.വാതിലടയുന്ന ശബ്ദത്തോടൊപ്പം  രാകേഷ് ഒരു പുച്ഛരസത്തോടെ പറഞ്ഞു

പറഞ്ഞു
‘’ ആ ഫോണിലാരാന്നാ ‘’
 ‘’ആരാ ?’’
‘’ ഹും‘’ രാകേഷ് ഒരിക്കൽക്കൂടിയാ ആ  പുച്ഛച്ചിരിച്ച് മറ്റുള്ളവരുടെ ആകാംക്ഷ വർദ്ധിപ്പിച്ചു.
വായിലേക്കുള്ള വഴിയിൽ ഒരു ചിക്കൻ കാലുമായി ബാദുഷ, പൊറോട്ടയെടുക്കാനായി  നീണ്ടു പോയ കൈയ്യുമായി നിമ്മി, വെള്ളമൊഴിക്കാനായി ഉയർത്തിയാ ജഗ്ഗുമായി അജേഷ് അങ്ങനെ എല്ലാവരും സ്റ്റിൽ ആയി നിൽക്കുകയാണ്.
‘’ശാലിനി’’
‘’ ഏത് അവനിന്ന് ഏറ്റവും കുറ്റം പറഞ്ഞ ശാലിനിയോ ‘’
‘’ഉം’’
‘’  എന്നാലും എന്റെ സണ്ണീക്കുട്ടീ..... ‘’
സിതാരയുടെ ദീർഘ നിശ്വാസത്തിൽ എന്തോ ഒരു പന്തികേടില്ലേ എന്ന സംശയത്തിൽ രാകേഷ് ഒരു പൊറോട്ടകൂടി വലിച്ച് കീറി.
രാകേഷ് കൈ കഴുകാനായി പോയപ്പോൾ ഇവനിതെങ്ങനെ അറിയാം
എന്ന് സിതാര നിമ്മിയോട് പിറു പിറുക്കുന്നുണ്ടായിരുന്നു.
‘’ അവനാരാ മോൻ ‘’ എന്ന് നിമ്മി അപ്പോൾ മറുപടിയായി പിറുപിറുത്തു.
ബാദുഷ പോകാനിറങ്ങിയപ്പോൾ ഞാനും വരുന്നെന്ന് പറഞ്ഞ്  സിതാര ചാടിയിറങ്ങി. രശ്മി അവരെ വാതിൽക്കലോളം ചെന്ന് യാത്രയാക്കി പിന്നെ ബാൽക്കണിയിൽ പോയിനിന്ന്  കൈവീശിക്കാണിച്ചു.
‘’ അവരുടെ ഇരിപ്പത്ര ശരിയല്ല കെട്ടോ ‘’
രശ്മിയുടെ മുനവെച്ചവാക്കായിരുന്നു ഏതാണ്ട്  സമാപനമായ ആ ആഴ്ചയിലെ സദസ്സിലെ അവശേഷിക്കുന്നവരെ ഉണർത്തിയത്.
പിന്നെ ബാദുഷയുടെ ബയോഡാറ്റയിലൂടെ സിതാരയുടെ സംശയാസ്പദമായ പെരുമാറ്റങ്ങൾ, ചില സമയങ്ങളിലുള്ള രണ്ട് പേരുടേയും ചിരി, ചിരിയില്ലായ്മ, ഉണ്ടാകാനിടയുണ്ടായിട്ടുള്ള സാധ്യതകളുടെ നീണ്ട പട്ടികൾ...അങ്ങനെ എല്ലാം ചർച്ചക്കെത്തിയതോടെ  അരങ്ങ് കൊഴുത്തു. ഇതിനിടയ്ക്ക് ഭർത്താവ് വന്ന് വിളിച്ചതോടെ മനസ്സില്ലാ മനസ്സോടെ നിമ്മിക്ക് പോകേണ്ടിവന്നു.
നിമ്മിയുടെ ഭർത്താവിന്റെ ആറ്റിറ്റ്യൂടില്ലാത്ത പെരുമാറ്റത്തെ പറ്റിയും അയാളുടെ അവിഹിത ബന്ധങ്ങളെപറ്റിയും പറഞ്ഞത് അജേഷായിരുന്നു.ഒടുവിലത്തെ അതിഥിയായ രാകേഷിനെ യാത്രയാക്കി
വാതിലു ലോക്ക് ചെയ്യുപോൾ, കഴിയുമെങ്കിൽ അടുത്ത ആഴ്ചമുതൽ രാകേഷിനെ ഈ കളിക്ക് വിളിക്കരുതെന്നും അയാളെ തനിക്കീയിടയായി
തീരെ ഇഷ്ടപ്പെടുന്നില്ലെന്നും രശ്മി  അജേഷിനോട് തുറന്നടിച്ചു.തനിക്കും അങ്ങനെ തോന്നിയെന്നും ചില സമയത്ത് അവന്റെ പെരുമാറ്റം തനികൂതറയാണെന്നും പറഞ്ഞൊഴിഞ്ഞ് അജേഷ് ബെഡ്ഡിലേക്ക് മറിഞ്ഞ് അഞ്ച് മിനിട്ടിനുള്ളിൽ കൂർക്കം വലി തുടങ്ങി.
രശ്മി തിരിച്ച് ബാൽക്കെണിയിൽ പോയി   നിലാവ് നോക്കി നിന്നൊരു ദീർഘ നിശ്വാസമെടുത്തു. കൈയ്യിലെ മൊബൈൽ ഫോണിൽ അപ്പോൾ
ഒരു മണികഴിഞ്ഞ് നാൽപ്പത് മിനിട്ടായിരുന്നു.‘’ എന്താടാ ഇത്ര ലേറ്റായത് ?’’
 ‘’ വഴിയില്  ഒടുക്കത്തെ ബ്ലോക്ക് ‘’
‘’ ഈ നട്ടപ്പാതിരക്കോ ?’’
‘’ അതവിടെ നിക്കട്ടേ..നിന്റെ ആ മരങ്ങോടൻ ഉറങ്ങ്യോ ?’’
‘’ ദേ അവിടെ കൂർക്കം വലിച്ച് കെടക്ക്ണ്ണ്ട്’’
........................Monday, 7 March 2011

ന്നാലും ന്‍റെ ക്രിക്കറ്റെ


ആദിയിൽ
(കപിൽ ദേവ് ലോകകപ്പ്‌ ഇന്ത്യയിലേക്ക്‌ കൊണ്ടുവന്നു 10 വർഷം കഴിഞ്ഞിട്ടും )
 ഞങ്ങളുടെ നാട്ടിൽ എന്ത് കൊണ്ടോ  ക്രിക്കെറ്റ്  ഉണ്ടായിരുന്നില്ല.
അതിനൊരു കാരണം അന്ന്  ആ പരിസരത്തൊന്നും കറന്റ്  ഇല്ലാത്തത് കൊണ്ട് തന്നെ ടിവി എത്തിയിരുന്നില്ല എന്നതായിരിക്കാം, പക്ഷെ ഒരഞ്ചു കിലോമീറ്ററിനപ്പുറമുളള
ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുന്ന (പോകുന്ന) സമയമാണ് എങ്ങിനെയാനെന്നറിയില്ല ആയിടക്കെപ്പോഴോ ആണ് ഫുട്ബോളിന് ചുറ്റു മാത്രം കറങ്ങിയിരുന്ന എന്റെ നാട്ടിലേക്ക് ഒരനിവര്യതയായി ക്രിക്കറ്റ് കയറി വന്നത്. പത്രത്തിൽ സച്ചിനും ലാറയുമൊക്കെ സ്ഥിരമായി നിറയാൻ തുടങ്ങിയപ്പോഴായിരിക്കാം അല്ലെങ്കിലൊരു പക്ഷെ സ്കൂൾ ഗ്രൗണ്ടിൽ കുറെ വെള്ളക്കുപ്പായക്കാര്‍ കാണിക്കുന്ന ക്രിയകളിലെ ആഖ്യയും ആഖ്യായികയും  തിരിച്ചറിയാൻ പറ്റാത്തതിന്റെ ശ്വാസം മുട്ടലിൽ നിന്നാകും ക്രിക്കറ്റിനോടുള്ള ഒരു ത്വര അങ്ങോട്ട്‌ പതഞ്ഞു കയറുന്നത് .പിന്നെ വല്ലവിധേനയും ഈ കളി പഠിക്കും എന്നാ തീരുമാനത്തിൽ ഞങ്ങളെത്തി, പക്ഷെ  എത്ര ശ്രമിച്ചാലും പിടിതരാതെ അതിന്റെ വിചിത്ര നിയമങ്ങൾ  ഒഴിഞ്ഞു മാറിക്കൊണ്ടേയിരുന്നു, എന്നിട്ടും  കുട്ടിയും  കോലും കളിയുടെ അന്താരാഷ്ട്ര നിയമാവലികൾ വച്ചു അഡ്ജസ്റ്റ്  ചെയ്തു ഒരു വിധത്തിൽ നാട്ടിലെ പരിഷ്കാരികൾ എന്ന നിലക്ക് ഞങ്ങളാ കളിക്ക്  പിന്നാലെ കൂടി ,ആദ്യ കാലങ്ങളിൽ ബാറ്റ്(തേങ്ങ മടല്‍ അല്ലെങ്കില്‍ പട്ടിക കഷ്ണം )  അറിയാതെ നിലത്തു വെയ്ക്കുന്നവരെല്ലാം ഔട്ട്‌ ആകുമായിരുന്നു.. ‍ പിന്നെ ബാറ്റിൽ  തട്ടാതതെല്ലാം  വൈഡ് എന്നാ നിലക്ക് ഞങ്ങൾ പുരോഗമിച്ചു ,  നോബോളും വൈഡും ഓവറും അങ്ങനെ  നാട്ടുകാരുടെ ജീവിതത്തിന്റെ ഭാഗമായി , അതോടെ സമൂഹത്തിൽ സമൂലമായ മാറ്റം സംഭവിച്ചു ആഴ്ച്ചയിലോരിക്കലെങ്കിലും പണിക്കു പോയിരുന്ന സുരേഷേട്ടനൊന്നും പിന്നെ ആവിധത്തിലുള്ള അലമ്പ് പരിപാടികള്‍ക്ക് പോകാതെയായി  ഫുട്ബോൾ ഗ്രൌണ്ടിലുണ്ടായിരുന്ന പ്രായ വിവേചനം ക്രിക്കറ്റ് ഗ്രൌണ്ടിലേക്ക് വന്നില്ല നാല്‍പ്പതു കഴിഞ്ഞ വിജയെട്ടനോക്കെ പതിമൂന്നു തികയാത്ത ശരത്തിന്റെ പന്തില്‍ ക്ലീൻ ബൌൾഡായി .തുടര്‍ച്ചയായി മൂന്നു പന്തുകൾ വൈഡ് ആക്കിയ
സക്കീറിനോട് ബാറ്റ്സ്മാൻ  ജലീൽ ക്രീസിനു പുറത്തിറങ്ങി വന്നു ചൂടായി " പന്തെറിയാൻ അറിയില്ലെങ്കില്‍ നിര്‍ത്തി പോടാ *****
മോനെ " - ആ എറിയുന്ന ഓരോ വൈഡിനും റണ്‍സ് ഉണ്ടെന്നും അത് നമ്മുടെ ടീമിന് ജയിക്കാൻ നല്ലതാണെന്നും ഒരു വിധത്തിൽ പറഞ്ഞു ബോധ്യപ്പെടുതിയത്തിനു ശേഷമാണ് ജലീല്‍ അന്നടങ്ങിയത്.ഏപ്രില്‍ 26  നു കല്യാണം നടത്താൻ പറ്റില്ല അന്ന് പടയാളിപ്പറബ്ബ് ഗ്രൗണ്ടില്‍  കളിയുണ്ട് എന്ന് പ്രശാന്ത് വീട്ടുകാരോട് പറയുന്നത് വരെ എത്തുന്ന രീതിയിൽ ചെറുപ്പക്കാരുടെ സംസ്കാരം അഭിവൃദ്ധിപ്പെട്ടു . പലരുടെയും ക്ലാസ്സിലേക്കുള്ള വഴികൾ ഗ്രൌണ്ടിലേക്ക് തിരിഞ്ഞു,ക്രിക്കറ്റ് കളിക്കാനായി രാവിലെ വീട്ടിൽ നിന്നിറങ്ങുന്ന പാവപ്പെട്ട വീട്ടിലെ  പ്രായ പൂര്‍ത്തിയായ ചെറുപ്പക്കാര്‍ക്ക് വേണ്ടി , അവരുടെ ബീഡി ,സിഗരറ്റ്,സിനിമ തുടങ്ങിയ ഭൌതിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ  മൂലധനം സ്വരൂപിക്കുന്നതിനായി അച്ചനും അമ്മയും ദിവസവും കൂലിപണിക്കു പോയി , മോൻ ലഞ്ചു ബ്രേക്കിന് വരുമ്പോള്‍ വെട്ടി വിഴുങ്ങാനായി ചോറും കറിയും അവര്‍ റെഡിയാക്കി   വേനലവധികൾ ക്രിക്കറ്റിന്റെ വിശുദ്ധ മാസങ്ങളായി ,  രാവിലെ വല്ലതും അടിച്ചു കേറ്റി ഇറങ്ങും കളി മൂക്കുകയാനെങ്കിൽ ലഞ്ചിന്  ബ്രേക്ക് ഉണ്ടായെന്നു വരില്ല,പകൽ മത്സരങ്ങൾ  അമ്പലപ്പറമ്പിലെ മരങ്ങള്‍ക്കിടയിലൂടെ ആയതു കൊണ്ട് വെയിലിനും ഞങ്ങളെ തോൽപ്പിക്കാനാവില്ലായിരുന്നു.
ഒരിക്കൽ നമ്പൂരി മാഷിന്റെ പാടത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ്  ഈ സംഭവം രാജേഷിന്റെ കൂറ്റനടി ലോങ്ങ്‌ ഓണില്‍ ബൌണ്ടറി കടന്നു കടന്നില്ല എന്ന മട്ടില്‍ ക്യാച്ച് ചെയ്ത അനീസ്‌   ആഹ്ലാദത്തിൽ പന്ത് മുകളിലേക്കെറിഞ്ഞു ഓടുകയാണ്  അനീസിനെ അഭിനന്ദിക്കാന്‍ അടുത്തേക്കോടിയവരെയൊക്കെ വടിയാക്കി അനീസ്‌ പിന്നേം ഓടുന്നു.. ഇവനിതെന്തു പറ്റി എന്ന് ആലോചിച്ചപ്പോഴേക്കും പാടത്തിനോടു ചേര്‍ന്നുണ്ടായിരുന്ന ഒരു കൈത്തോട്‌ അവനെടുത്ത് ചാടി  ,ആ തോടിനു കുറുകെ ഒരാള്‍ക്ക്‌ അങ്ങനെ ചാടാൻ പറ്റുമെന്ന് അന്നാണ് എനിക്ക് മനസ്സിലായത്‌
പിന്നാലെ മറ്റൊരു കാര്യവും മനസ്സിലായി അബ്ദു ഇക്കാന്റെ മകനാണെങ്കിൽ അനീസല്ല  മമ്മൂട്ടി വരെ അതല്ല അതിനപ്പുറം ചാടും , മക്കളെ ഒലക്ക കൊണ്ട് അടിക്കണം എന്നൊക്കെ ആരൊക്കെയോ ആരോടെക്കൊയോ പറഞ്ഞതായിട്ടുള്ള കേട്ട് കേള്‍വി മാത്രമേ എനിക്കുണ്ടായിരുന്നൊള്ളൂ , ചെറിയൊരു ഒലക്കയുമായി വരുന്ന വാപ്പാനെ ആ തകര്‍പ്പൻ ക്യാച്ച് എടുക്കുന്നതിനിടയിലും അനീസ്‌ ശ്രദ്ധിച്ചിരുന്നു,ഹാലിളകിയാ മൂപ്പര് ശരിക്കും ആ ഒലക്ക കൊണ്ട് പണികൊടുക്കുമെന്ന്  അനീസിന് ഉറപ്പായിരുന്നു.
പശുവിനു പിണ്ണാക്ക് കലക്കികൊടുത്തില്ല എന്ന ഗുരുതരമായ തെറ്റാണ് , പോരാത്തതിന് ക്രിക്കറ്റും കളിക്കുന്നു, ജനിച്ചിട്ട് ഇതുവരെ മറ്റെന്തിനെക്കാളും അബ്ദുക്കാനെ ഇത്രത്തോളം അസ്വസ്ഥമാക്കിയ  മറ്റൊരു സാധനമില്ല , കുറെ ആളുകൾ രാവിലെ മുതൽ വെറുതെ നിന്ന് വെയില് കൊള്ളുന്നു , ഒരുത്തൻ എറിയുന്നു ,ഒരുത്തൻ അടിക്കുന്നു,അതിനെക്കാളുപരി ഫുട്ബോള്‍ കളിക്കേണ്ട സമയത്ത്കൂടി ഇവൻമാര് ക്രിക്കറ്റ് കളിക്കുന്നു .. അബ്ദുക്കന്റെ  അസ്വസ്ഥതക്ക് കാരണങ്ങൾ ഏറെയായിരുന്നു .
തോടിനപ്പുറം കടന്നതോടെ അനീസ്‌ relax  ആയി , fitness ല്‍  ശ്രദ്ധിക്കെണ്ടിയിരുന്നത് കൊണ്ട് ഞങ്ങൾ അല്‍പ്പം  മാറിയിരുന്ന് ആ സീൻ ആസ്വദിച്ചു. ഒരു വാപ്പാക്ക് പറയാവുന്നതിലും അപ്പുറമുള്ള മാന്യമായ തെറികൾ അനീസ്‌ തന്റെ വാപ്പയുടെ വായിൽ നിന്ന് കേട്ട്കൊണ്ടേയിരുന്നു.
അനീസ്‌ ആകട്ടെ അതെല്ലാം ഒരംഗീകാരം പോലെ ഏറ്റു വാങ്ങിക്കൊണ്ടിരുന്നു മ്മ്മള്ത് തൊക്കെ കുറെ  കേട്ടതാ എന്നൊരു ഭാവം.. ഡാ എങ്ങനെണ്ട്  എന്ന മട്ടിൽ അവൻ ഇടയ്ക്കിടയ്ക്ക് ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു  വ്യാകരണ നിയമങ്ങളെ തെറ്റിച്ചുകൊണ്ടു സ്വന്തം മകന്റെ  വാപ്പാക്ക് വിളിക്കുക തുടങ്ങി പ്രോട്ടോകോൾ ലംഘനങ്ങളുൾപ്പെടെ  ഇതിങ്ങനെ പിന്നെ ഒരു തുടര്‍ക്കഥയായി ,ഞങ്ങൾ ക്രിക്കറ്റ് കളിക്കും ഇടക്ക് അനീസ്‌ ഓടും വാപ്പ പിറകെ ഓടും തെറിവിളിക്കും മടുക്കുമ്പൊ അങ്ങേരു നിര്‍ത്തിപ്പോകും  പിന്നേം ഞങ്ങൾ കളിക്കും .

   ചെക്കന്‍മാര്‍ നന്നാകൂല എന്ന് മനസ്സിലാക്കിയ അബ്ദുക്ക വേനലിൽ  ഞങ്ങൾ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന നമ്പൂതിരി മാഷിന്റെ പാടം പാട്ടത്തിനെടുത്ത് അതില്‍ കപ്പ കൃഷി തുടങ്ങി അങ്ങനെ കളി അബ്ദുക്കാന്റെ തന്നെ അനിയന്‍  മാനുക്കാന്റെ തെങ്ങിന്‍ തോപ്പിലേക്ക് മാറ്റി, തെങ്ങുകള്‍ ബൌണ്ടരികളായി കളി പല ഇന്നിങ്ങ്സുകളും പിന്നിട്ടു..അബ്ദുക്കാക്ക് സഹിച്ചില്ല അനിയനോട് പറഞ്ഞു മൂപ്പരാ തെങ്ങിന്റെ എടേല്  പയന്റ കൃഷി തുടങ്ങി തോല്‍ക്കാൻ ഞങ്ങള്‍ക്ക് മനസ്സില്ല എന്ന് പറഞ്ഞു ഞങ്ങള്‍  കളി ദേവസ്വം വക ജൂപിറ്റർ പറമ്പിലേക്ക് മാറ്റി ,ചെങ്കല്ല്  ക്വാറികളുടെ ചെറിയ ചെറിയ ഗ്യാപ്പുകള്‍ക്കിടയിൽ ഞങ്ങളൊരു കളിക്കളത്തിനു ബൌണ്ടറി കണ്ടെത്തി അടുത്ത ആഴ്ച്ച തന്നെ നൂറു രൂപ മാച്ച് ഫീസ്‌ വാങ്ങി കിലുക്കം ഫാന്‍സി  ട്രോഫിക്ക് വേണ്ടിയുള്ള ഒരു  ടൂര്‍ണമെന്റും അവിടെ നടന്നു .ദേവസ്വം സെക്രടറി രാമന്‍ നായര്‍ അബ്ദുക്കാനോട് സംസാരിച്ചു നില്‍ക്കുന്നതു കണ്ടപ്പോഴേ ചിലര്‍ തമാശക്ക് പറഞ്ഞു "അളിയാ അബ്ദുക്ക പണിതരോ ?"  പക്ഷെ ഒന്നും സംഭവിക്കില്ല എന്ന് വിചാരിച്ചവരുടെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട്  അബ്ദുക്ക പണി തന്നു അന്ന് വരേ ആ നാട്ടില്‍ കേട്ടിട്ടില്ലാത്ത ചണപ്പുല്ലു കൃഷി ചെയ്യാൻ അബ്ദുക്ക രാമന്‍ നായരെ ഉപദേശിച്ചു കൃ‍ഷി വകുപ്പുമായി നല്ല ബന്ധമുള്ള നാട്ടിലെ പേരുകേട്ട കൃഷിക്കാരനായ അബ്ദുക്കാന്റെ വാക്കുകൾ ദേവസ്വം അടുത്തമാസം തന്നെ നടപ്പാക്കി..തിരിയുന്ന ടാപ്പുകളിൽ നിന്ന് വെള്ളം ചുറ്റും സ്പ്രേ ചെയ്യുന്ന കാഴ്ച്ച നാട്ടുകാര്‍ ആസ്വദിച്ചു ,ആഴ്ചയറുതികളിൽ കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള വലിയ ഗ്രൌണ്ടുകളില്‍ ടൂര്‍ണമെന്റുകളില്‍ കളിച്ചും അല്ലാത്തപ്പോള്‍ റോഡരികുകൾ ചിന്നസാമി സ്റ്റേഡിയങ്ങളാക്കിയും ഞങ്ങൾ ആശ തീർത്തു.

ട്വന്റി ട്വന്റി പോലെ കടന്നുപോയിക്കൊണ്ടിരിക്കുന്ന കാലത്തിന്റെ  ഒരു strategic  break ൽ ഈ അടുത്ത് സുന്ദരേട്ടന്റെ ചായക്കടയിലേക്ക് കയറി ചെല്ലുമ്പോൾ അവിടെ കടുത്ത ക്രിക്കെറ്റ്  ചര്‍ച്ച നടക്കുകയാണ്  പത്രത്തിൽ നിന്നു കണ്ണെടുക്കാതെ ഇടയ്ക്കിടയ്ക്ക്   ചായ  കുടിച്ചു കൊണ്ട് അബ്ദുക്ക അവിടെ ഇരിക്കുന്നുട്  ട്വന്റി ട്വന്റി യുടെ കാലത്ത് ഈ ലോക കപ്പിന് പ്രാധാന്യ മുണ്ടോ ? ടെസ്റ്റ്‌ ക്രിക്കെറ്റ്  നിർത്തലാക്കേണ്ട കാലം കഴിഞ്ഞു , ഇനി കളിക്കാർ ആവശ്യപ്പെട്ടാൽ ഫീല്‍ഡ് അമ്പയറുടെ തീരുമാനം പുനപരിശോധിക്കുന്നതിൽ എത്രമാത്രം ശരിയുണ്ട് തുടങ്ങിയ രീതിയിൽ ചര്‍ച്ച പുരോഗമിക്കുയാണ് ഇതിനിടക്ക്‌ അവസാനത്തെ  സിപ്പ് ചായയും കുടിച്ചു പത്രം മടക്കി വെയ്ക്കുന്നതിനിടയില്‍ അബ്ദുക്ക പറഞ്ഞ ഒരു ഡയലോഗ് എന്റെ ചെവിയുടെയോ ബുദ്ധിയുടെയോ തകരാര് കൊണ്ട് അങ്ങനെ പറഞ്ഞത് പോലെ തോന്നിയതാകാം എന്ന് മാത്രമേ ഞാന്‍ വിശ്വസിക്കുന്നുള്ളൂ "ഇപ്പത്തതൊക്കെ ഒരു കളിയാണോ അന്ന് 1983 ല്‍ കപിലൊക്കെ കളിച്ച കളി ...ആ സിംബവക്കെതിരെ എടുത്ത 175  അതോക്കെന്നു കളി അല്ലാതെ ഇപ്പള്ളതൊക്കെ ഒരു കളിയാണോ " ആ ശരിയാണ് എന്നാ മട്ടില്‍ ആരൊക്കെയോ അബ്ദുക്കാനെ സപ്പോര്‍ട്ട് ചെയ്തു ..മിഡ്ഡിൽ സ്റ്റെമ്പ് തെറിച്ച ബാറ്റ്സ്മാൻ അതിന്റെ റീപ്ളേ കാണാൻ ബിഗ് സ്ക്രീനിലേക്ക് നോക്കുന്നത് പോലെ ഞാൻ ആകാശം നോക്കി നിന്നു.

Friday, 21 January 2011

ചില നാടകങ്ങള്‍

അവസാനത്തെ ചാന്‍സ് ആണ് ഇതുവരെ  പടച്ചോന്‍ സഹായിച്ചു  ഒരു  നല്ല പേര് ഉണ്ടാക്കാന്‍ പറ്റിയിട്ടില്ല , ഹോം വര്‍ക്ക്‌ ചെയ്യാത്തവര്‍ സ്ഥിരമായി പ്രാക്ടിക്കല്‍ ക്ലാസ്സിനു പുറത്തു കാവല്‍ നില്‍ക്കുന്നവര്‍ ഒരു ചോദ്യത്തിനും മറുപടി പറയാത്തവര്‍  എന്നിങ്ങനെ ചില സല്പേരുകള്‍ മാത്രമേ ഇത് വരെ ഉള്ളു . ഇനി ആകെ ഉള്ളതു ഒരു യൂത്ത് ഫെസ്ടിവലാണ് അതിനെങ്കിലും  എന്തെങ്കിലും ചെയ്യണം,  അങ്ങനെയെങ്കിലും എന്തെങ്കിലും ഒരു ടാലന്റ് ഉണ്ടെന്നു അധ്യാപകരും അറ്റ്‌ലീസ്റ്റ് പെണ്‍കുട്ടികളെങ്കിലും തെറ്റിധരിചോട്ടെ , അങ്ങനെയാണ് ഒരു നാടകമായാലോ എന്നെ അഭിപ്രായം ഉയര്‍ന്നു വന്നത് .പല സിനിമ നടന്മ്മാരും വിദ്യാഭ്യാസ ജീവിതത്തില്‍ നമ്മളെയൊക്കെ പോലെ ആയിരുന്നെന്നും പിന്നീടവര്‍ ആ നാടിന്റെയും സ്ഥാപനത്തിന്റെയും അഭിമാനമായി മാറുകയും ചെയ്തു എന്ന ത്രസിപ്പിക്കുന്ന കഥകള്‍  അഭിനയത്തെകുറിച്ചോര്‍ത്തപ്പോള്‍ പലരുടെയും മനസ്സിലൂടെ കടന്നു പോയി .
ഇരുപതു മിനുട്ടില്‍ ഒതുങ്ങുന്ന ഒരു സ്ക്രിപ്റ്റ് വേണം സ്ത്രീ കഥാപാത്രങ്ങള്‍ പാടില്ല ( താല്‍പ്പര്യമില്ല എന്നല്ല അവളുമാരെ കിട്ടില്ല ) അധികം മേക്ക്- അപ്പൊ സെറ്റിന്ഗ്സോ പാടില്ല ( അതിനുള്ള വകുപ്പില്ല ) എന്റെ ഗൂഗിള്‍ മനസ്സില്‍ കുറെ റിസള്‍ട്ട്‌ വന്നു , ചന്ദ്രേട്ടന്റെയും അബ്ബാസ്സിക്കയുടെയും  കയ്യില്‍ സ്ക്രിപ്റ്റ് ഉണ്ട്  ,വിളിച്ചാല്‍ സ്ക്രിപ്ടിനോപ്പം അവരും ഇങ്ങു പോരും അത്  പണിയാകും പിന്നെ അവരെ പിരിച്ചു വിടുമ്പോഴേക്കും റബ്ബര്‍ഷീറ്റ് ,തേങ്ങ , അടക്ക തുടങ്ങിയവയുടെ അനധികൃത വില്പനയ്ക്ക് വീട്ടുകാരും നാട്ടുകാരുമായി പലരും ഞങ്ങളില്‍ പലരുടെയും ദേഹത്ത് കൈ വെക്കാനുള്ള സാധ്യത വളരെ കൂടുതലാണ് , പിന്നെ മലയാളം ടീച്ചറോട് ഒരു നാടകമെഴുതി തരാന്‍ പറഞ്ഞാല്‍ അവര്‍ അത് തരുമായിരുന്നു പക്ഷെ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പുണ്ടായ ചില സൈദ്ധാന്തിക ചര്‍ച്ചകള്‍ ടീച്ചര്‍ കേള്‍ക്കാനിടയാകുകയും ഭരണഘടയില് ഇല്ലാത്ത പദ പ്രയോഗങ്ങള്‍ ആ ചര്‍ച്ചയില്‍ ഉള്‍പ്പെടുകയും ചെയ്തിരുന്നതിനാല്‍ ഞങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ കാര്യമായ വിള്ളല്‍ സംഭവിച്ച സമയമായിരുന്നു അത്. പിന്നെയുള്ള ഒരു ഓപ്ഷന്‍ നാട്ടിലെ  ലൈബ്രറിയാണ്  മേല്‍പ്പറഞ്ഞ
ലക്ഷണങ്ങളോട് കൂടിയ ഒരേ ഒരു നാടകമേ അവിടെയോളളൂ അതാകട്ടെ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ ചെയ്തു പോയി.
സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് പറിച്ചെടുത്ത ഒരേടായിരുന്നു കഥ ,ആദ്യ സീനില്‍ വൈസ്രോയിയുടെ വിളംബരവുമായി എത്തിയ റയീസ് എത്ര കൊട്ടിയിട്ടും ഡ്രെമ്മില്‍ നിന്നും ശബ്ദമൊന്നും വരുന്നില്ല തല താഴ്ത്തി നോക്കുമ്പോഴാണ് അവന്റെ കൈകള്‍ ഡ്രെമ്മില്‍ തട്ടുന്നില്ലെന്നും അത് ഡ്രെമ്മിനടിയിലൂടെ അനായാസം കടന്നു പോകുകയാണെന്നും സ്പര്‍ശനം എന്ന പ്രക്രിയ നടക്കുന്ന വിവരം അറിയിക്കാന്‍ പറ്റാത്ത വിധം തലച്ചോര്‍ ബേജാര്‍ എന്ന അവസ്ഥക്ക് നിര്‍ദയം കീഴടങ്ങിയിരിക്കുകയാണ് എന്നുമുള്ള സത്യം അവന്‍ തിരിച്ചറിയുന്നത് . ജെംഷാദാണ് വില്ലന്‍ ,ക്രൂരനായ ഒരു സായിപ്പായി അവനെ തിരഞ്ഞെടുക്കുമ്പോള്‍ കൂട്ടത്തില്‍ ഒരല്പ്പമെങ്കിലും തൊലിവെളുപ്പു എന്നത് മാത്രമായിരുന്നു മാനദണ്ഡം. ജെംഷാദിന്റെ 'കരുണ' ത്തിലുള്ള മുഖഭാവം കണ്ടു ഈ പാവത്തിനെ പിടിച്ചു വില്ലനാക്കിയതില്‍ പലരും പല്ല് ഞെരിക്കുന്നുണ്ടായിരുന്നു എന്ന് മാത്രമല്ല അവസാനം സായിപ്പിനെ തോക്കുകൊണ്ട്  വെടിവെക്കുമ്പോ ശബ്ദം പ്ലേ ചെയ്യാമെന്ന് പറഞ്ഞ ആള് പോലും ആ നിഷ്കളങ്കഭാവത്തില്‍ അക്കാര്യം മറന്നുപോയി ..
ഒടുവില്‍ വെടിവെയ്ക്കുന്ന കൂട്ടത്തില്‍  നായകനായ  ജിജോ തന്നെ ഒരു ശബ്ദമുണ്ടാക്കി ,ആ ശബ്ദം പിന്നീട് ചരിത്രത്തിന്റെ ഏടുകളില്‍ എഴുതി ചേര്‍ക്കപ്പെട്ടു - എഴുത്തില്‍ ആ ശബ്ദത്തെ ഏതാണ്ട് ഇങ്ങനെ രേഖപ്പെടുത്താം '' ട്രുഷ്ക്യാ ".

ഈ നാടകച്ചരിത്രത്ത്തില്‍ നിന്ന് മോചനം നേടാന്‍ നീണ്ട നാല് വര്‍ഷങ്ങള്‍ കഴിഞ്ഞു, അതിനു ശേഷമാണ് ഇങ്ങനെയൊരു അവസരം ,ഉളുപ്പില്ലായ്മ എല്ലാവര്ക്കും കിട്ടുന്ന ഒരു കഴിവല്ലെന്നും ഒരു പ്രായത്തിനപ്പുറം ഒരു പക്ഷെ ഈ കഴിവ് നിലനിര്‍ത്താന്‍ സാധിച്ചെന്നുവരില്ലെന്നും ഉള്ള ചിന്തകളാണ് ഇത്തവണ ഞങ്ങളെ മുന്നോട്ടു നയിച്ചത്, ആ ചിന്ത അതിന്റെ പാരമ്യത്തിലെത്തിയപ്പോള്‍ സ്ക്രിപ്റ്റ് നമുക്ക് തന്നെ എഴുതാമെന്ന് തീരുമാനമായി .അമേരിക്ക ഇറാക്കിനോട് അതിക്രൂരമായി പെരുമാറുന്നു എന്നും ഇതിനെതിരെയുള്ള ശക്തമായ ഒരു പടവാളായിരിക്കണം നമ്മുടെ നാടകമെന്നും പറഞ്ഞത് വിജെഷാണ്, അത് കൊള്ളാം ,മരുഭൂമി- സെറ്റിംഗ്സ് ഒന്നും വേണ്ട  ഞാനാദ്യം ചിന്തിച്ചത് അങ്ങനെയാണ് . യുദ്ധം കാണിക്കേണ്ടി വരില്ലേ - വിപിന്റെ സംശയമായിരുന്നു- നമ്മുടേത്‌ ഒരു ബുജി സംഭവമാണെന്നും കാര്യങ്ങള്‍ വളരെ സിംപോളിക് ആയിരിക്കുമെന്നും ഞാനവനെ പറഞ്ഞുമനസ്സിലാക്കി ,സ്ക്രിപ്ടായി ,റിഹേര്‍സല്‍ തുടങ്ങി ആ പേരില്‍ അങ്ങനെയും  കുറെ ക്ലാസ്സുകള്‍ കട്ടുചെയ്തു. ഈ പരിപാടിക്ക് സര്‍വ്വ പിന്തുണയും നല്‍കി ആദ്യമേ ഇറങ്ങി പുറപ്പെട്ട അനീഷിനു പറ്റിയ ഒരു ഡയലോഗ് ഉണ്ടാക്കാനാണ് പിന്നെ ഞങ്ങള്‍ കഷ്ടപ്പെട്ടത് ,വളരെ ചെറിയ ഡയലോഗ് ആയിട്ടും ഓരോ തവണയും അവനതു തെറ്റിച്ച്ചുകൊണ്ടേയിരുന്നു , ആ സമയത്ത് അത് ചിരിക്കുള്ള വകയായിരുന്നെങ്കിലും സ്റെജിനോടടുക്കുംതോറും  ടെന്‍ഷന്‍ കൂടി കൂടി വന്നു..അവസാനത്തെ റിഹേര്‍സലിനും അനീഷ്‌ ഡയലോഗ്  തെറ്റിച്ചു , അതോടെ നാടകത്തിലെ ആ രംഗം എങ്ങനെയാകുമെന്നു ഉറപ്പായി അനീഷിനെ ഒന്നും പറയാനും വയ്യ പ്രധാന സ്പോന്‍സര്‍ അവനാണല്ലോ എങ്കിലും വേദിയിലേക്ക് കയറുന്നതിനുമുന്‍പ് ഒരിക്കല്‍ കൂടി അവനോടു പറഞ്ഞു അനീഷേ ചതിക്കല്ലേ ..അങ്ങനെ നാടകം തുടങ്ങി ,സര്‍വ്വത്ര നിശബ്ദത എന്താണ് സംഭവിക്കുന്നത്‌ ,എന്തെങ്കിലും സംഭവിക്കുന്നുണ്ടോ എന്നറിയാന്‍ പൊതുവേ അലമ്പന്‍മാരായ  കാണികള്‍ സാകൂതം  നോക്കി നില്‍ക്കുയാണ് , പ്രഭാകരന്‍മാഷ് കണ്ണട വച്ചും വെക്കാതയും നാടകം മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ എനിക്കുതന്നെ ചിരിവന്നു.അങ്ങനെ കാത്തിരുന്ന അനീഷിന്റെ സീന്‍ വന്നു മിരാക്കിള്‍സ് എപ്പഴോക്കെയാണ് സംഭവിക്കുക എന്ന് പറയാന്‍ പറ്റില്ലല്ലോ അനീഷ്‌ ഡയലോഗ് കൃത്യമായി പറഞ്ഞു, പക്ഷെ കൂട്ടത്തില്‍ അവന്‍ മറ്റൊന്നുകൂടി പറഞ്ഞു " ഡയലോഗ് കറക്ടല്ലേ ?"  ഞാന്‍ ചിരിച്ചോ കരഞ്ഞോ എന്ന് കൃത്യമായി എനിക്കോര്‍മ്മയില്ല , എന്തായാലും നാടകത്തെ പോലെ ആ പറഞ്ഞതും കാണികള്‍ക്ക്  മനസ്സിലായില്ല അതുകൊണ്ട്തന്നെ നന്നായിട്ട് കൂവാനുള്ള ഒരവസരം അവര്‍ നഷ്ടപ്പെടുത്തി .

Monday, 1 November 2010

ഒരു ഫിലിം ഫെസ്ടിവല്ലിന്റെ ഓര്‍മയ്ക്ക്


" എടാ നീ ഇതുവരെ ച്ചെ "
എല്ലാവരും കബീറിന് നേരെ ചാടി വീണു , നാണക്കേട്‌കൊണ്ട്  കബീര്‍ തല താഴ്ത്തി നില്‍ക്കുകയാണ് ,വളിഞ്ഞ ഒരു ചിരി മാത്രമാണിപ്പോ അവന്റെ സമ്പാദ്യം ,അപ്പോഴാണ്‌ ഒരു മൂലയ്ക്ക് എന്തോ പറയാന്‍ മുട്ടി നില്‍ക്കുന്ന അനൂപിനെ ഞാന്‍ ശ്രദ്ധിച്ചത് " ഉം എന്താ അനൂപേ " പറയണോ വേണ്ടേ എന്നാ മട്ടില്‍ ഒന്ന് പരുങ്ങിയ ശേഷം അനൂപ്‌  പറഞ്ഞു " കബീര്‍ മാത്രമല്ല ഞാനൂണ്ട് "
പിന്നെ ആ റൂമിലാകെ നിശബ്ദതയായിരുന്നു ,ഹോസ്ടലിന്റെ ഏതൊക്കെ റൂമുകള്‍ നിശബ്ദമായാലും നിശബ്ദമാകാത്ത ഒരു റൂമായിരുന്നു ആ54 ആം നമ്പര്‍ റൂം .പതിവില്ലാത്ത ഈ ശാന്തതയിലും നിശബ്ദതയിലും സംശയം തോന്നി വാര്‍ഡന്‍ എങ്ങാനും പരിശോധിക്കാന്‍ വരാന്‍ സാധ്യത ഉണ്ട് എന്നതിനാല്‍  ദീര്‍ഘ ദര്‍ശിയായ നത്ത് രാകേഷ് പകുതി മാത്രം വലിച്ച ഒരു സിഗരറ്റ്  വേദനയോടെ ജനലിലൂടെ പുറത്തേക്കിട്ടു.
'എന്നെ പറഞ്ഞിട്ട് കാര്യമൊന്നുമില്ല ഞാനെന്തു ചെയ്യാനാ'  - കബീര്‍ മൌനം ബ്രേക്ക് ചെയ്തു ,കബീറിന് ഐക്യദാര്ട്ട്യം പ്രക്യാപിച്ച്ചു അനൂപ്‌ അടുത്തേക്ക് നീങ്ങിയിരുന്നു.
'ക്ലാസ് , ട്യുഷന്‍ ,വീട് , കോളേജ്  അങ്ങനെയൊക്കെയായിരുന്നു ഇതുവരെ ജീവിച്ചത് ,പിന്നെ നിങ്ങളെപ്പോലെ നല്ല ഫ്രെണ്ട്സിനെ എനിക്ക് ഒരിക്കലും കിട്ടിയിട്ടില്ല പിന്നെ നിങ്ങള് പറ എന്നെ
കുറ്റപ്പെടുത്തിയിട്ടു കാര്യമുണ്ടോ?'
ഞങ്ങളാരും ഒന്നും പറഞ്ഞില്ല ,നഷ്ട സ്വപ്നങ്ങളെ നിങ്ങളെനിക്കൊരു ...എന്നാ മൂഡില്‍ കബീര്‍ പറഞ്ഞു തുടങ്ങി
'ഇവിടെ വന്നതിനു ശേഷം ഹോസ്റല്‍ ലൈബ്രറിയില്‍ നിന്നാ പല പുസ്തകങ്ങളും ഞാനാദ്യമായിട്ടു കാണുന്നത് '
ഹോസ്ടലിനു സ്വന്തമായിട്ട് ഒരു ലൈബ്രറിയുണ്ട് ലൈബ്രറി സയന്‍സിനു പഠിക്കുന്ന ജോ മോന്‍ ആണ് ലൈബ്രേറിയന്‍ ഹോസ്ടലിലെ പൂര്‍വികര്‍ നിറഞ്ഞ മനസ്സോടെ ഭാവി തലമുറയ്ക്ക്
ദാനം നല്കിയതും ക്ലാസ്സിലെ പെണ്‍കുട്ടികളുടെ അടുത്ത് നിന്ന് ചെറിയ ചെറിയ പിരിവുകള്‍ നടത്തി കഷ്ടപ്പെട്ടു സമ്പാദിച്ച പൈസക്ക് വാങ്ങിയ പുസ്തകങ്ങളുമായി ഹോസ്റല്‍ മേറ്റ്സ് ഹോസ്റല്‍ മേറ്റ്സ്നു വേണ്ടി നടത്തുന്ന ഹോസ്റല്‍ മേറ്റ്സ്സന്റെ  സ്വന്തം ലൈബ്രറിയായിരുന്നു അത് .മുത്ത്‌ ,മുത്തുച്ചിപ്പി തുടങ്ങിയ ലോക്കല്‍ ( അതിലും ലോക്കലും ഉണ്ടായിരുന്നു )മസാലകള്‍ തൊട്ടു വിദേശങ്ങളില്‍ നിന്നും തപാല്‍ വഴി വരുത്തിച്ച ഇന്റര്‍നാഷനല്‍  മസാലകളും മാത്രമേ ആ ലൈബ്രറിയില്‍ ഉണ്ടായിരുന്നോള്ളൂ. 
അനൂപിന്റെയും കബീറിന്റെയും കഥകള്‍ കൂടി കേട്ടതോടെ ആ ലൈബ്രറിയുടെ ചരിത്ര പരമായ പ്രാധാന്യം ഒന്ന് കൂടി കൂടിയതായി ഞങ്ങള്‍ക്ക് തോന്നി .പി ജി  ക്ലാസ്സിലെത്തിയിട്ടും ഇന്നേവരെ
ഒരു നീല പോട്ടെ മഞ്ഞയെങ്കിലും കാണാത്ത  അക്ഷന്തവ്യമായ കുറ്റം ചെയ്ത  അനൂപിനെയും കബീറിനെയും കുറിച്ചാലോചിച്ചു  ദുഃഖ ഭരിതമായ ആ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍ ഞങ്ങള്‍ ചരിത്ര പരമായ ഒരു ദൌത്യം കൂടി ഏറ്റെടുത്തു , ഒരു ഫിലിം ഫെസ്റിവല്‍.. ഫുള്‍ ചെലവു ഏറ്റെടുത്തോളാം എന്ന് കബീറും അനൂപും .ടീ വിയും ഡി വി ഡി പ്ലേയറും വാടകയ്ക്ക് എടുക്കേണ്ടി വരും..ആരെങ്കിലും കണ്ടാല്‍ എല്ലാത്തിന്റെയും ആപ്പീസ് പൂട്ടും.
ചില കാര്യങ്ങള്‍ക്ക് നമുക്ക് ഭയങ്കര വേഗതയായിരിക്കും പെട്ടന്ന് പെട്ടന്ന് തീരുമങ്ങള്‍ എടുക്കാന്‍ പറ്റും ,എല്ലാം വളരെ പെട്ടന്ന് തന്നെ നടന്നു , ഐ .എ. എസ് നു അടയിരിക്കുന്ന അന്‍വര്‍ ഇക്കയെയും എം.എഡ് എന്ന് പറഞ്ഞു നടക്കുന്ന സുരെഷേട്ടനെയും ആദ്യം കുപ്പിയിലാക്കി .
ദിവസം തീരുമാനിച്ചു അടുത്ത വെള്ളിയാഴ്ച്ച , നല്ല ഭക്ഷണം ,വാപ്പാന്റെ പോക്കറ്റിലെ കാശ് എന്നീ അത്യാകര്‍ഷകമായ ഓഫറുകളില്‍  മയങ്ങി ഒരുവിധം ആളുകളൊക്കെ അന്ന് നാട്ടില്‍ പോകും  പിന്നെ ഞായറാഴ്ച വൈകീട്ട് അല്ലെങ്കില്‍ തിങ്കളാഴ്ച കാലത്ത് മാത്രമേ പൊങ്ങൂ..  വാര്ടന്റെയും ഹോസ്റല്‍ ക്ലാര്‍ക്കിന്റെയും ശല്യവുമുണ്ടാകില്ല .
48  മണിക്കൂര്‍ സമയമുണ്ട് , 2 മണിക്കൂര്‍ വച്ച് നോക്കുകയാണെങ്കില്‍ 24 സിനിമകള്‍ -തന്റെ  പരിചയകുറവ് ഈ കണക്കു കൂട്ടലിലും കബീര്‍ തെളിയിച്ചു.പിന്നെ വെള്ളിയാഴ്ച്ചക്കുള്ള കാത്തിരിപ്പ് ,ഇതിനിടക്ക്‌ ടി വി  ,ഡി വി ഡി പ്ലയര്‍ ആയിരക്കണക്കിന് സി ഡി കള്‍ എല്ലാം റെഡി ,വലിയ തല്പ്പര്യമില്ലാതിരുന്നിട്ടും ഞാനടക്കം പലരും ഈ മഹത്തായ ദൌത്യത്തില്‍ പങ്കുചേരുക എന്ന സദുദ്ദേശത്തോട് കൂടി ആ ആഴ്ച വീട്ടില്‍ പോയില്ല.
അങ്ങനെ ആ വിശുദ്ധ  വെള്ളിയാഴ്ച്ച വന്നെത്തി കുറെ കുഞ്ഞാടുകളെ ജ്ഞാനസ്നാനം നടത്താനുളളതിനാല്‍  പ്രദര്‍ശനത്തിനുള്ള സിനിമകള്‍ തിരഞ്ഞെടുക്കുന്നതിന് വിദഗ്ദരുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചു,   ഈ വിഷയത്തില്‍ ഒരു ഡിപാര്‍ട്ട്മെന്റ്  ഉണ്ടായിരുന്നെകില്‍ , ഒരു യുനിവേര്സിടി ഉണ്ടായിരുന്നെകില്‍ എന്റെയൊക്കെ കല്യാണത്തിനു ഓഡിറ്റൊരിയം  വൈസ് ചന്സലെര്‍മാരെക്കൊണ്ടും പ്രോഫസര്മാരെക്കൊണ്ടും നിറയുമായിരുന്നല്ലോ എന്നൊരുനിമിഷം
 ജിതേഷിന്റെയും പ്രവീണിന്റെയുമൊക്കെ ആധികാരികമായ അഭിപ്രായങ്ങള്‍ കേട്ടപ്പോള്‍ എനിക്ക് തോന്നി .
"അളിയാ വാര്‍ഡന്‍ പോയിട്ടില്ല   എന്നാണു തോന്നുന്നത് ,ഫാനിന്റെ ഒച്ച കേള്‍ക്ക്നുണ്ട് "  - താമസക്കാരില്ലാത്ത മുപ്പത്തിനാലാം നമ്പര്‍ മുറിയില്‍ എല്ലാം  റെഡിയായപ്പോഴാനു  ജോമോന്റെ ശബ്ദം അവിടെ ഒരപശബ്ദമായിവന്നു പതിച്ചത് . വാര്‍ഡന്‍  ജലീല്‍ സര്‍   കുറച്ചു കടുപ്പക്കരനാണ്  എന്നൊരു ശ്രുതി ഉണ്ട് എന്നല്ലാതെ ഇന്നേവരെ ഞങ്ങളുമായിട്ടു ഒരു പ്രശ്നവുമുണ്ടായിട്ടില്ല ,വലിയ പ്രായ വ്യത്യാസമില്ലാതതിനാലാവാം   കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍  മനപൂര്‍‍വം അങ്ങേരോകലം ഇട്ടിരുന്നു .എന്നാലും പറയാന്‍ പറ്റില്ല .
"നീയൊന്നു മിണ്ടാണ്ടിരി നിനക്ക് തോന്നിയതാകും "- ആവശ്യക്കാരന് ആക്രാന്തമില്ലാതിരിക്കില്ലല്ലോ അനൂപ്‌ ജോമോനെ നിരാശപെടുത്തി.
അങ്ങനെ മുപ്പത്തിനാലാം നമ്പര്‍ മുറിയുടെ ഇരുട്ടില്‍ ബാക്ക് ടു ബാക്ക് ഓടിക്കൊണ്ടിരിക്കെ വൈകുന്നേരം മൂന്നു മണിക്കും മൂന്നരക്കും ഇടയില്‍ വാകയുടെയും
വരാന്തയുടെ തൂണ്കല്‍ക്കിടയിലൂടെയും മുപ്പത്തിനാലാം നമ്പര്‍ മുറിയുടെ ജനലിന്റെ ചെറിയ വിള്ളലുകള്‍ക്കിടയിലൂടെ ഒളിഞ്ഞു നോക്കാറുള്ള വെയിലിന്റെ ചിതറിയ നേര്‍രേഖ പോലെയുള്ള വെളിച്ചത്തില്‍ കബീര്‍ തന്നെയാണ് ആദ്യം കണ്ടത് ---വാര്‍ഡന്‍  ജലീല്‍ സര്‍ .

Wednesday, 25 August 2010

ഒരന്തം വിട്ട പ്രണയ കഥ ( i hate love stories )

ഈ പ്രണയം പ്രണയം എന്ന് പറയുന്നത് ഒരു അന്തംവിട്ട സാധനമാണ് എങ്ങനെ എപ്പോ കയറി കുടുങ്ങുമെന്ന് പറയാന്‍ പറ്റില്ല , കാസിനോവയുടെ അളിയനായത്കൊണ്ട് പറയുകയല്ല എല്ലാരും പറയുന്ന ഒരു ലോക തത്വം പറയുന്നു എന്നേ ഉള്ളൂ .
കാസിനോവയുടെ അളിയനല്ല എന്ന് മാത്രമല്ല അങ്ങേരെ പൂര പറമ്പില്‍ വച്ചു കണ്ടു എന്ന് പറയാന്‍ കൂടി യോഗ്യത നേടാത്ത ഒരു കുഞ്ഞാപ്പുവാന് ഞാന്‍ എന്ന് തുറന്നു പറയുന്നതില്‍ ലവലേശം ഉളുപ്പ് വിചാരിക്കുന്നില്ല.എന്റെ അല്ലെങ്കില്‍ ഞങ്ങളുടെ ഈ ദുരവസ്തക്ക് ആദ്യം ചെവിക്കു പിടിക്കേണ്ടത്‌ വെള്ളാട്ട് മനയ്ക്കല്‍ ചെറിയ നമ്പൂതിരിപ്പാട്‌ എന്ന മനുഷ്യനെയാണ്‌ അദ്ദേഹമാണ് വണ്ടൂരില്‍ ബോയ്സ് ഹൈസ്കൂള്‍ ഉണ്ടാക്കാന്‍ നല്ല ഒന്നാംതരം സ്ഥലം എഴുതികൊടുത്ത്തത് അങ്ങനെ നാട്ടിലെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഓരോ വഴിക്കായി,വര്‍ഷങ്ങളുടെ നീണ്ട കാത്ത്തിരിപ്പിനോടുവിലാണ് ഒരു മരുപ്പച്ചപോലെ പ്ലസ്‌ ടൂ എത്തുന്നത് ,അവിടെയും പണികിട്ടി പത്തുകൊല്ലത്തെ വിശ്വസ്ത സേവന പാരമ്പര്യവുമായാണ് മറ്റു സ്കൂളുകളില്‍ നിന്ന് കുട്ടികള്‍ വരുന്നത് അവരുടെ മുന്‍പില്‍
ഫുട്ബാളില്‍ ബ്രസീലിനു മുന്‍പിലെ ഇന്ത്യന്‍ ടീമിനെ പോലെയായി ഞങ്ങള്‍ ,അങ്ങനെ ഒപ്പിക്കാവുന്ന കുരുത്തക്കേടുകളുടെ പകുതി ടാര്‍ഗറ്റ് പോലും നേടാതെ ഏതാനും ക്ലാസ് കട്ട്‌ചെയ്യലുകളിലും സിനിമയ്ക്കുപോകലുകളിലും മറ്റു ചില വേണ്ടാതീനങ്ങളിലുമായി ആ പ്ലസ്‌ ടൂ കാലം എരിഞ്ഞ് തീര്‍ന്നു .
പ്രിയപ്പെട്ട ഞങ്ങളുടെ സഹോദരിമാരെ പിന്നെ പല വിവാഹ പരസ്യങ്ങളില്‍ മാത്രമാണ് ഞാന്‍ കണ്ടിട്ടുള്ളത് . കൂടെ ഉണ്ടായിരുന്ന ചില കരിങ്കാലികള്‍
എന്ട്രന്‍സ് കോച്ചിംഗ് എന്ന് പറഞ്ഞു ഞായരാഴ്ചകളില്‍ ഇരുപതു കിലോമീറ്റര്‍ അകലെയുള്ള കോച്ചിംഗ് സെന്ററില്‍ പോകുന്നുണ്ടായിരുന്നു ,മറ്റെരിയല്‍ കൈ മാറലും മറ്റുമായി അവര്‍ക്കൊക്കെ ഈ സിസ്റ്റെര്ഴ്സുമായി കുറെ കൂടി അടുപ്പമുണ്ടായിരുന്നു അവര്‍ വഴിയും ക്ലാസ്സിലെ നിത്യ ഹരിത പഞ്ചാരകള്‍
വഴിയുമാണ്‌ ഇവളുമാരില്‍ ചിലരൊക്കെ ഡോക്ടര്‍മാരും ,എഞ്ചിനീയര്‍മാരും അമ്മമാരും അമ്മായിമാരുമൊക്കെ ഒക്കെ ആയതും ആകുന്നതും ഞാന്‍ അറിയുന്നത്.ഇടയ്ക്കിടയ്ക്ക് സമയം കിട്ടുമ്പോഴൊക്കെ ആ പ്ലസ്‌ ടൂ കാലത്തിന്റെ കുരുത്തക്കെടുകളെയും അബധങ്ങളെയും കുറിച്ച് പറയാന്‍ എതെന്കിലുമൊരുത്തന്ടെ വീട്ടിലെ സ്വീട്സ് തീര്‍ക്കുന്ന പരിപാടിയുണ്ട് . പലരും നാട്ടിലില്ല എന്നൊരവസ്ഥ ഉള്ളതിനാലും ഞാന്‍ ഇപ്പോഴും നാട്ടിലുണ്ട് എന്നതിനാലും മിക്കവാറും എന്റെ സജീവ സാന്നിധ്യം അവിടെ ഉണ്ടാകും , അങ്ങനെ ഇരിക്കയാണ് ഒരു ദിവസം ബാബു ( എന്റെ ആരോഗ്യം നമ്മുടെ രാജ്യത്തിന്‍റെ ആവശ്യമാണ് എന്നതുകൊണ്ട്‌ തല്‍ക്കാലം ബാബു എന്ന് വിളിക്കുന്നു) നാട്ടില്‍ വരുന്നത് , ബാബുവിനെ ട്രൌസര്‍ ഇട്ടും ഇടാതെയും നടക്കുന്ന കാലം മുതല്‍ എനിക്കറിയാം , എന്നെക്കാള്‍ ( നോട്ട്ട് ദ പോയിന്റ്‌ ) മാന്യനും സല്‍സ്വഭാവിയുമായ ചെറുപ്പക്കാരന്‍ അവന്‍ ഏറെ കാലത്തിനു ശേഷം വരികയാണ് ഞങ്ങള്‍ ബൈക്കില്‍ കയറി എങ്ങോട്ടെന്നില്ലാതെ ഡ്രൈവ് ചെയ്തു," നമുക്ക് സ്കൂളിലൊന്നു പോയാലോ " അവന്‍ ചോദിക്കുന്നു , "പിന്നെന്താ" സ്കൂള്‍ കോമ്പൌണ്ടിലേക്ക് കയറാന്‍ പട്ടിക്കും പൂച്ചക്കും മാത്രമല്ല പോത്തുകള്‍ക്കുകൂടി ഒരു തടസവുമില്ലാത്ത്ത സ്ഥിതിക്ക് അവന്റെ ആഗ്രഹത്തിനും മറ്റു തടസങ്ങലോന്നുമില്ല , ഓര്‍മ്മകള്‍ അയവിറക്കി അവിടുന്നിറങ്ങി പിന്നെ ആ ഓര്‍മ്മകള്‍ക്ക് പിന്നാലെപ്പോയി, പീറ്റായി സനീഷിന്റെ ട്രൌസര്‍ ഊരിപ്പോയ കഥയില്‍ നിന്ന് പീറ്റായി സനീഷിന്റെ വീട്ടില്‍ പോയി അവിടുന്ന് കുമ്മിണി സന്തോഷിന്റെ വീട്ടിലേക്കു ഒടുവില്‍ എന്റെ വീട്ടിലെത്തി സംസാരത്തിനിടക്ക്‌ പ്ലസ്‌ ടൂ വിനെടുത്ത്ത ഫോട്ടോയെകുരിച്ച്അവന്‍ ചോദിച്ച്ചപ്പപ്പോള്‍ മേലനങ്ങി സകല പോടിമുഴുവനും തിന്നു അന്നോളം തുറന്നു നോക്കാത്ത ഒരു ടെസ്റ്റ്‌ ബുക്കില്‍ നിന്ന് ആ ഫോട്ടോ ഞാന്‍ കണ്ടു പിടിച്ചു , കൊണ്ടുപോകുകയാനെന്നു സ്കാന്‍ ചെയ്ത ശേഷം തിരിച്ചയക്കാമെന്നുമ് അവന്‍ , ഒകെ തിരിച്ചയക്കുമല്ലോ എന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു കൊണ്ട് ഞാനത് കൊടുത്തു .
പിന്നെ ബാബു ജോലി സ്ഥലത്തേക്ക് മടങ്ങിയതിന് ശേഷം കുറച്ചു ദിവസം കഴിഞ്ഞു ഒരു രാത്രി അവന്‍ വിളിച്ചു , "അളിയാ നിന്നോട് പറയാതിരിക്കാനാവില്ല "
"എന്താടായ് വല്ല ഹിന്ദിക്കാരികളും കൊത്തിയോ? "
" കുടുങ്ങി ഹിന്ടിക്കാരിയോന്നുമല്ല ,നീ അറിയും "
അളിയാ നീയും , എനിക്കൊരു കമ്പനിക്ക് ഇനി ആരുണ്ട്‌ ,
എനിക്കും അവനുമിടയില്‍ പെണ്‍കുട്ടികള്‍ വന്നത് പ്ലസ്‌ ടൂ കാലത്താണ് ,അത് കഴിഞ്ഞിട്ടിപ്പോ എട്ടു വര്‍ഷമായി .ഇതിനിടക്ക്‌ എത്രയോതവണ ഒന്ന് പ്രണയിക്കാന്‍ പറ്റാത്തതിന്റെ നിരാശ ഞങ്ങള്‍ പങ്കുവച്ച്ചതാണ് , അപ്പോഴൊക്കെ ബോയ്സ് സ്കൂളില്‍ പടിച്ച്ചതിനെയും കിട്ടിയ അവസരങ്ങള്‍ മുതലാക്കതിനെയും പഴിച്ചു ഞങ്ങള്‍ ആശ്വാസം കണ്ടെത്തിയിരുന്നു , എന്നിട്ട് അവനിപ്പോ ഒറ്റയ്ക്ക് കയറി ഗോളടിച്ചിരിക്കുന്നു, ഇതെവിടുത്ത്ത പരിപാടിയാണ് *&&%^*%&%*^^ എന്നെനിക്കു ചോദിക്കനമെന്നുണ്ടായിരുന്നു , പക്ഷെ അവന്‍ പറഞ്ഞ അടുത്ത കാര്യം കൂടി കേട്ടതോടെ ഞാനാകെ തളര്‍ന്നു . അവന്റെ പ്രേമം തളിരിടുന്നതു അതെ പ്ലസ്‌ ടൂ ക്ലാസ്സില്‍ നിന്നാണത്രേ .ഈ നയ വഞ്ചനക്കെതിരെ ബാക്കിയുള്ളവരെ കൂട്ടി ശക്തമായി പ്രതികരിക്കണമെന്നു വിചാരിക്കുമ്പോഴാണ് അവന്‍ കഥയുടെ ബാക്കി പറയുന്നത് .
ക്ലാസ് കഴിഞ്ഞു ഒരു ദിവസം ലവനെ ലവള്‍ വിളിച്ചു,ഏതോ ഒരു വേസ്റ്റ്‌ ക്വേസ്റ്യന്‍ പേപ്പേര്‍ ചോദിക്കാന്‍ , പിന്നെ ലവന്‍ ലവളെ വിളിച്ചു എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു ഒന്നും പറഞ്ഞില്ല ,പിന്നെയും പിന്നെയും ലവനും ലവളും ഏതാനും കോളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചു എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു രണ്ടു പേര്‍ക്കും ,പക്ഷെ ഒന്നും പറഞ്ഞില്ല .ആ എപ്പിസോട് അങ്ങനെ തീര്‍ന്നു , ലവന്‍ വേറെ വഴിക്ക് ,ലവള്‍ വേറെ വഴിക്ക് .കാലം പൊറോട്ടയും ബീഫും കഴിക്കുന്ന വേഗത്തില്‍ കടന്നു പോയി . എട്ടു വര്‍ഷങ്ങള്‍ക്കപ്പുറം നേരത്തെ പറഞ്ഞ ഞങ്ങള്‍ടെ ക്ലാസ്സിലെ ഒരു നിത്യ ഹരിത പഞ്ചാര ലവളെ കാണുകയും ലവന്റെ നമ്പര്‍ കൊടുക്കുകയും ചെയ്തു ,ലവള്‍ ലവനെ വിളിക്കുന്നു വിശേഷങ്ങള്‍ ചോദിക്കുന്നു കട്ട്‌ ചെയ്യുന്നു ,പത്ത് മിനുട്ടുകള്‍ക്ക് ശേഷം ലവന്‍ തിരിച്ചു വിളിച്ചു , എനിക്ക് നിന്നെ ഇഷ്ടമാണ് കല്യാണം കഴിച്ചാലോ എന്ന് ചോദിക്കുന്നു , ചോദ്യം കേട്ട ലവള്‍ ബേജാറായി ഫോണ്‍ വെയ്ക്കുന്നു .പക്ഷെ കഠിനമായ പ്രയത്നങ്ങള്‍ക്കൊടുവില്‍ അവനാ ബന്ധം ഉയര്‍ത്തിക്കൊണ്ടു വരുന്നു .വീട്ടിലെ പശു പ്രസവിച്ചു എന്നത് പോലെ ഒരു നിസാര കാരണം പറഞ്ഞു ഏറെ കാലം കൊണ്ട് ഒരുക്കൂട്ടി വച്ചിരുന്ന ലീവെടുത്ത് കുമാരന്‍ നാട്ടിലേക്ക് വണ്ടികയരുന്നു . വീട്ടിലെത്തി പിറ്റേ ദിവസം രാവിലെ കക്കൂസില്‍ പോലും പോകാന്‍ നില്‍ക്കാതെ അവളുടെ വീട്ടില്‍ പോയി തന്റെ അഭിലാഷം വെളിപ്പെടുത്തുന്നു .എട്ടു വര്‍ഷമായി കാണാത്ത മേല്‍പ്പറഞ്ഞ കാമുകിയെ കാണാന്‍ പിന്നെയും രണ്ടു ദിവസം കൂടി കാത്തിരുന്നു , അവള്‍ വരുന്ന ബസിനു കൈകാനിച്ച്ചു ചാടിക്കയറി , ആരുടെ ഒക്കെയോ ദേഹത്ത് ചവിട്ടി ,ചില്ലറ ചോദിച്ച കണ്ടക്ടരോട് എന്തൊക്കെയോ പറഞ്ഞു ,എന്തൊക്കെയോ ചെയ്തു , തിരിച്ചു വരാന്‍ ബസ്സുന്ടായിരുന്നില്ല മഴയുണ്ടായിരുന്നു പക്ഷെ അറിയുന്നുണ്ടായിരുന്നില്ല , അവളുടെ വീട് മഴനയുന്നത് നോക്കി കുറെ നേരം റോഡില്‍ നിന്നു ,പിന്നെ എട്ടു വര്‍ഷത്തിനു ശേഷം കണ്ട മുഖം( ഒരു ഫോടോ പോലുമുണ്ടായിരുന്നില്ല ) മാ യാതിരിക്കാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു തിരിച്ചു നടന്നു. ആവേശത്തോടെ അവന്‍ പറഞ്ഞു നിര്‍ത്തി .
അപ്പൊ അതൊക്കെ ആയിരുന്നു കാര്യം സ്കൂളില്‍ പോകാന്‍ തോന്നലും ,പഴയ ഫോട്ടോ തപ്പിയെടുക്കളും..എതിര്‍പ്പുകലൊന്നു മില്ലാതെ അവന്‍ എല്ലാം സമ്മതിച്ചു, പിന്നെ ഞാനൊരു ഭീഷണി മുഴക്കി ഈ കഥ ഞാന്‍ പബ്ലിഷ് ചെയ്യും ..ഡാ പ്ലീസ് ഇപ്പൊ ആരോടും പറയരുത് , എങ്ങനെ പബ്ലിഷ് ചെയ്യും നീ പറയുന്നത് ? അവനു ചെറിയൊരു പേടിയുണ്ടെന്ന് തോന്നുന്നു അതില്‍ കയറിപ്പിടിച്ചു ഞാന്‍ പറഞ്ഞു ," ഞാനെന്റെ സ്വന്തം ബ്ലോഗിലിടും."
'ഹഹഹ ഹി ഹി ഹി ഹി ..അത് നീ എന്തുവേനമെങ്കിലും ചെയ്തോ നിന്റെ ബ്ലോഗല്ലേ ,ആരെന്കിലുമ്മ വായിച്ചാലല്ലേ പ്രശ്നമൊളളൂ..ഹഹഹ "
ഞാനപ്പോള്‍ ഹെല്‍മറ്റും ബുക്കും പേപ്പറും ഒന്നും ഇല്ലാതെ മാസാവസാനം പോലിസ് ചെക്കിങ്ങില്‍ പെട്ട ഒരു നിസ്സഹായനായി മാറി .