ഗൃഹാതുരത്വം


മഞ്ഞവെളിച്ചത്തിൽ ഉറക്കം വന്നിട്ടും ഉറങ്ങാതെ നിൽക്കുകയാണ് തൃശൂർ കെഎസ്ആർടിസി സ്റ്റാന്റ് . എട്ടരയ്ക്കുള്ള വഴിക്കടവ് ബസ്സിന് കാത്ത് നിന്നതാണ് ബിനു, ഇപ്പൊ സമയം പന്ത്രണ്ടര കഴിഞ്ഞു.
ഏട്ടോ നിലമ്പൂര്  ബസ് വര്വോ ?​
എൻക്വയറി കൌണ്ടറിൽ ആരോ പിന്നെയും ചോദിക്കുന്നു
ഒരു മൈസൂരും ഒരു  വഴിക്കടവും വരാനുണ്ട്
ആവർത്തിച്ച് ആവർത്തിച്ച് കേട്ടിട്ടും ക്ഷമനഷ്ടപ്പെടാതെ  കൌണ്ടറിലെ ആൾ മറുപടി കൊടുത്തു.
ശനിയാഴ്ചകളിൽ  ബിനുവിന് ഇതൊരു പുതിയ അനുഭവമല്ല, ഓഫീസിൽ നിന്നും അഞ്ചരയ്ക്ക് ചാടിയിറങ്ങി  എർണാകുളത്ത് നിന്ന് കിട്ടുന്ന ട്രെയിൻ പിടിച്ച് തൃശൂരിൽ വന്നിറങ്ങും,ബസ് എപ്പവരും എന്ന് ഒരു ഉറപ്പും ഇല്ലാത്തതിനാൽ  ആദ്യം ഹോട്ടലിൽ കയറി എന്തെങ്കിലും കഴിക്കും,  ഒരൽപ്പം വിശപ്പ് വീട്ടിലേക്ക് മാറ്റിവെയ്ക്കും,  പിന്നെ എൻക്വയറി  കൌണ്ടറിൽ പോയി ബസ് പോയിട്ടില്ലെന്ന് ഉറപ്പ് വരുത്തും.  കാത്തിരിപ്പുകളില്ലാതെ ഈ റൂട്ടിൽ ഒരു യാത്ര ഉണ്ടായിട്ടില്ല.  ചില ദിവസങ്ങളിൽ കോഴിക്കോട്ടേയ്ക്കും പാലക്കാട്ടേയ്ക്കും ഒന്നിന് പിറകെ ഒന്നായി ബസ്സുകൾ വരുന്നത് കാണുമ്പോൾ കോഴിക്കോടോ പാലക്കാടോ ആയിരുന്നു വീടെങ്കിലെന്ന് ചിന്തിച്ച് പോകും, അല്ലെങ്കിതന്നെ എന്തിനാ അങ്ങോട്ടൊക്കെ പോകുന്നത് തൃശൂരിലായിരുന്നെങ്കിൽ ഇപ്പൊ വീടെത്തുമായിരുന്നില്ലോ, ഇനി കൊച്ചിയിൽ തന്നെയായിരുന്നെങ്കി ഇപ്പൊ കുളിച്ച് ഭക്ഷണം കഴിച്ച് ഉറങ്ങിക്കഴിഞ്ഞേനെ എന്നൊക്കെ ചിന്തിച്ച് പോകും പിന്നെ ആ ചിന്തകളെയൊക്കെ സ്വയം മായ്ക്കും അങ്ങനെയൊക്കെ ചിന്തിക്കുന്നത് എന്ത് മണ്ടത്തരമാണെന്ന് വിചാരിക്കും. ഓരോ ആഴ്ചക്കൊടുവിലും വീടെത്താനുള്ള  ഈ ദാഹം,ഒന്ന് പോയി തിരിച്ച് വരുമ്പോഴുണ്ടാകുന്ന ഫ്രെഷ്നസ് അതൊക്കെത്തന്നെയല്ലേ പറയാനറിയാത്ത് ഒരിത് നൽകുന്നത്. എത്ര വലിയ ഹലുവയാണെങ്കിലും  ചെറുകഷ്ണങ്ങ്ങ്ങളായി മുറിക്കാതെ എങ്ങനെ കഴിക്കും.  ചെറിയ ചില ഉത്തരവാദിത്തങ്ങൾ, കടമകൾ, ഇഷ്ടങ്ങൾ  അതിനൊക്കെ വേണ്ടിയുള്ള ചെറിയ ബുദ്ധിമുട്ടുകൾ....ഇവിടെ ചുറ്റിലും ഉറക്കം കുടിച്ച് വറ്റിച്ച്  വരണ്ട മുഖങ്ങളുമായി നടക്കുന്നവരിലും തൂണും ചാരിനിൽക്കുന്നവരിലും നിലത്തും ബെഞ്ചിലും ഇരുന്ന് പോയവരിലും അങ്ങനെ തന്നെപ്പോലെ എത്ര പേരുണ്ടാകുമോ എന്ന് ബിനു വെറുചെ ചിന്തിച്ചു.  ചിന്തകളാണ് എപ്പോഴും ബിനുവിന് കൂട്ട്, എന്നാലും അവയ്ക്ക് കൃത്യമായ ഒരതിര് അയാൾ വരച്ചിട്ടുണ്ട്, ആ അതിരുകൾക്കപ്പുറം ചിന്തകളെ മേയാൻ വിടാറില്ല, അതിനുമാത്രമുള്ള ആത്മവിശ്വാസം ബിനുവിനില്ല.

ന്നാ പിന്നെ ഗഡീ എല്ലാ ആഴ്ചേം ഇങ്ങനെ കഷ്ടപ്പെട്ട് ഓടണോ ? നല്ലോര് സൺ ഡേ ഒരു ചെറുതൊക്കെ അടിച്ച് റൂമില് സെറ്റായി കൂടിക്കൂടെ.
തിങ്കളാഴ്ച കാണുമ്പൊ ഓഫീസിലെ ഷൈജുവിന്റെ  സ്ഥരം കമന്റാണ്. മറുപടി ഒരു ചിരിയിലൊതുക്കാറാണ് ബിനുവിന്റെ പതിവ്
നാട്ടിലെന്തോ ഒരു ചുറ്റിക്കളിയുണ്ടല്ലോ ?​ എന്താ സംഭവം  ? ആരാ ആള്  ?  ഫോട്ടോ ഉണ്ടോ ?
പുതുതായി വന്ന ലിന്റോയ്ക്ക് എപ്പഴും ഉള്ള സംശയമാണ്
അതൊക്കെ ഉണ്ട്  പിന്നെപ്പറയാം എന്ന്  ടീസിട്ടാണ് ലിന്റോയെ ബിനു ഒഴിവാക്കാറ്
ശനിയാഴ്ചകളിൽ അശ്വതിയുടെ കണ്ണുകൾ നിറയുന്നതും  മറ്റാരും കാണാതെ അവളത് മാനേജ് ചെയ്യുന്നതും നേരിടാൻ മാത്രം ബിനുവിനറിയില്ല. കഴിയുന്നതും ശനിയാഴ്ച വൈകുന്നേരങ്ങളിൽ  അവളുടെ മുന്നിൽപ്പെടാതിരിക്കാൻ ബിനു ശ്രദ്ധിക്കാറുണ്ട്, എന്നാലും ചിലപ്പൊ പെട്ട് പോകും അങ്ങനെയുള്ള  ദിവസങ്ങളിൽ ബസ്സിൽ ഇരുന്നുള്ള  സുഖകരമായ ഉറക്കം ബിനുവിന് നഷ്ടപ്പെടാറുണ്ട്.
അതേയ് വഴിക്കടവ് വണ്ടി ചാലക്കുടിയില് പഞ്ചറായിത്രേ..ഇഞ്ഞിപ്പൊ ആ മൈസൂര് വണ്ടി വന്നാ വന്നു -  അല്പ്പം മുൻപ് പരിചയപ്പെട്ട ഒരു പെരിന്തൽമണ്ണക്കാരൻ പറഞ്ഞു.
കർണാടക സ്റ്റേറ്റ് ബസ്സാണ്, സാമാന്യം നല്ല തിരക്കുണ്ടാകാറുണ്ട്, മിക്ക സീറ്റും നേരത്തെ റിസർവ്വ് ചെയ്ത് പോയിട്ടുണ്ടാകും പോരാത്തതിന് പോകുന്നവഴിക്ക് ഗുരുവായൂർ വഴിയൊന്ന് വളന്റഞ്ഞ് കയറി പോകും,  പല തവണ അതിൽ കയറിയിട്ടുണ്ട്, ഗുരുവായുർ ടിക്കറ്റ് ഒന്നും ഇല്ലെങ്കി, മടിയാനായ ഡ്രൈവറാണെങ്കി നേരെ കുന്നംകുളം പിടിക്കും.  ഒരു കട്ടൻ ചായകുടിക്കുന്ന നേരം കൊണ്ട് മൈസൂർ ബസ്സ് എത്തി, ഇടിച്ച് കയറി ,  റിസർവേഷൻ ആണെന്ന് കരുതി ആരും ഇരിക്കാത്ത ഒരു സീറ്റിന്റെ സൈഡിൽ കയറി ഇരുന്നു - വരുമ്പൊ എണീറ്റ് കൊടുക്കാം അതുവരെ ഒരു മയക്കം.  ഒന്നരയ്ക്ക് പുറപ്പെട്ടാൽ നാല് മണിക്ക് നാട്ടിലെത്തുമായിരിക്കും.
ബഹളത്തിനിടയ്ക്ക് കണ്ണ് തുറക്കുമ്പോൾ ബസ്  ഗുരുവായൂരിലെത്തിയിരിക്കുന്നു. ബിനുവിരിക്കുന്ന സീറ്റിലേക്ക് റിസർവേഷൻകാർ വന്നിരിക്കുന്നു. പക്ഷെ തൊട്ടടുത്ത രണ്ട് സീറ്റിലേക്ക് മാത്രമേ റിസർവേഷനൊള്ളൂ, രണ്ട്  സ്ത്രീകളാണ്.  സാമാന്യം പ്രായമായ ഒരു സ്ത്രീ, തീരെ വൃത്തിയില്ലാത്ത വേഷം , മുറുക്കുന്നുണ്ട് പിന്നെ സുന്ദരിയായ - ഒരു മുപ്പത് മുപ്പത്തി അഞ്ച് വയസ്സ് പ്രായമുള്ള ഒരു സ്ത്രീ.  മൈസൂർ സ്വദേശികളാണ്. ബിനുവിനോട് എന്തോ സംശയം ചോദിച്ച് തുടങ്ങിയത് കന്നടയിലാണ്, കന്നട ഒരു പൊടിയ്ക്ക് അറിയില്ലെങ്കിലും അല്പ നേരത്തെ സംഭാഷണത്തിനിടയ്ക്ക് അവർ ഗുരുവായൂരിൽ ഒരു മസാജിംഗ് സെന്ററിൽ ജോലിചെയ്യുകയാണെന്നും മൈസൂരിലുള്ള വീട്ടിലേക്ക് പോകുകയാണെന്നും ബിനുവിന്ന മനസ്സിലായി.  ഈ രാത്രിയിൽ ഇത്ര ബുദ്ധിമുട്ടി വീട്ടിലേക്ക് പോകാനെന്താണെന്ന് ബിനുവിന് ചോദിക്കണമെന്നുണ്ടായിരുന്നു.  പിന്നീട് എന്ത് കൊണ്ടോ അത് ചോദിച്ചില്ല.
ബസ്സിൽ തൂങ്ങിയാടി നിൽക്കുന്ന, ഉറക്കവും ക്ഷീണവും ഊഞ്ഞാലിട്ട കണ്ണുകൾ ആ സ്ത്രീയ്ക്ക് മേൽ പതിക്കുന്നതിന്റെ ഒരു പങ്ക് ഒല്പം കുശുമ്പോടെ ബിനുവിന് മേലും വീഴുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു. അധികം വൈകിയില്ല കുന്നംകുളത്ത് നിന്ന്  പ്രായമായ ഒരമ്മ കയറിയപ്പൊ അവരെ വിളിച്ച് വരുത്തി ബിനു സീറ്റ് നൽകി. ഇത്ര രാത്രിയോളം വൈകിച്ച് തിരക്കേറിയ ബസ്സിൽ ആ അമ്മയെ കൊണ്ടുപോകുന്ന മകനെന്ന് തോന്നിക്കുന്ന ഒരു താടിക്കാരനോട് ബിനുവിന് എന്തെന്നില്ലാത്ത ദേഷ്യം തോന്നി.
നിലാവിൽ ഭാരതപ്പുഴയിലെ പുൽക്കാടുകൾ കണ്ട് പട്ടാമ്പിയെത്തിയപ്പോഴാണ് ബിനു മുന്നിലുള്ള​ ജുനൈദിനെ കണ്ടത്. ഇത്പോലൊരു യാത്രയിൽ പരിചയപ്പെട്ടതാണ്.  കൊച്ചി  മറൈൻ ഡ്രൈവിൽ മൊബൈൽ ഫോൺ ഷോപ്പ് നടത്തുന്ന  മലപ്പുറംകാരിൽ  ഒരാൾ. ഒരിക്കൽ വഴിക്ക് വെച്ച് ബസ് പണിമുടക്കി നിലമ്പൂരിലേക്ക് പോകാനുള്ള കുറേപ്പേരുണ്ടായിരുന്നു.  അടുത്ത ബസ് ഇനി രാവിലെയൊള്ളൂ എന്നറിഞ്ഞ്   കുറേപ്പേർ ബസ്സിൽ തന്നെ ഇരുന്നുറങ്ങി, പുലരും മുമ്പെ വീടെത്തണമെന്ന് ബിനുവിനെപ്പോലെ ആഗ്രഹിച്ച ചിലർ ലിഫ്റ്റ് രിട്ടും എന്ന് പ്രതീക്ഷയിൽ റോഡിലേക്കിറങ്ങി നിന്നു. കൂട്ടത്തിൽ ജുനൈദും ഉണ്ടായിരുന്നു.  കുറച്ച് നേരം കാത്ത് നിൽക്കാമെങ്കിൽ  വഴിയുണ്ടെന്ന് ജുനൈദ് പറഞ്ഞു. ലോകകപ്പ്  ഫുട്ബോളിന്റെ കാലമാണ് നാട്ടില് ചെങ്ങായ്മാരൊക്കെ ക്ലബ്ബിലുണ്ടാകും ഒരു അഞ്ചാറ് പേര് ബൈക്കായിട്ട് വരുന്നുണ്ട് അതില് പോകാം.
നട്ടപ്പാതിരയാണ്..ഒരു നാൽപ്പത് കിലോമീറ്ററെങ്കിലുമുണ്ടാകും..
അയിനിപ്പൊ എന്താ ..ഒരു അരമണിക്കൂറ് കാത്ത് നിക്കി ..എന്ന മൂഡിലാണ് ജുനൈദ്.
പറഞ്ഞപോലെ ഒരു അരമണിക്കൂർ  കഴിഞ്ഞപ്പൊ അവരെത്തി, ബിനുവിനെ മാത്രല്ല അവിടെ ഉണ്ടായിരുന്ന വേറെ അഞ്ച് പേരെക്കൂടി ബൈക്കിൽ കയറ്റി, ബിനുവിനെപ്പോലെത്തന്നെ ഓരോരുത്തരേം വീടിന്റെ മുന്നിൽ കൊണ്ടുപോയിവിട്ടു. അന്ന് ബിനുവിനെ കൊണ്ടുവിട്ടത് ജുനൈദ് തന്നെയായിരുന്നു.

ഇങ്ങ്ള് ഇതില്ണ്ടായിരുന്നോ  ?
ചിരിച്ച് കൊണ്ട് ജുനൈജ് ബിനുവിന്റെ അടുത്തേയ്ക്ക് വന്നു.
ഇപ്പളും എല്ലാ ആഴ്ച്ചേം വരുംല്ലേ ?​ ഞ്ഞിപ്പൊ നാളെത്തന്നെ മടങ്ങോ ?  അതോ തിങ്കളാഴ്ച്ചേ ?​
ഒരല്പം ഗൌരവത്തോടെ ജുനൈദ് ചോദിച്ചു. .
ആ ഞാനും വരല്ണ്ട്..ഇല്ലെങ്കി ഉമ്മാക്ക് ഭയങ്കര എടങ്ങേറാണ്..അല്ല വീട്ടാരേക്കാ കൂടുതൽ എനിക്കാണ് ..വീട്ടാരേം ചെങ്ങായ്മാരേം ഒക്കെ ഒന്ന് കണ്ടാ ഒരു സമാധാനമാണ്. ഉപ്പാക്കാണെങ്കി ഞാൻ ഗൾഫിൽ പോകാഞ്ഞിട്ട് ഒരു സമാധാനോം ഇല്ല.  സത്യം പറയാലോ ഇങ്ങളെ അന്ന് പരിചയപ്പെട്ട ശേഷാ ഞാൻ ഗൾഫിൽ പോണ്ടാന്ന് വെച്ചത്.
ജുനൈദിന്റെ സംസാരം അങ്ങനെ നീണ്ട് നീണ്ട്  പോയി, അവനിറങ്ങേണ്ട സ്റ്റോപ്പെത്തി.
ഞ്ഞിപ്പൊ ഇങ്ങളെ  അങ്ങാടിയില് ഓട്ടോറിക്ഷ ഇല്ലെങ്കി വിളിച്ചോളീ  ..ഞാൻ ബൈക്കേറ്റ് വരാ..വേണംങ്കി ടീംസിനെ കൂട്ടാം..ഇന്ന് ഇങ്ങളെ വീട്ടില് കൂടാം ..എന്തേയ്
ഇറങ്ങുമ്പൊ ജുനൈദ് പറഞ്ഞു.
അവൻ വെറുതെ ഉപചാരം പറയുന്നതല്ലാന്ന് ബിനുവിനറിയാം..വരും..മുമ്പ്  ബിനുവിനെ കൊണ്ട് വിട്ടപ്പോൾ  ഏറെ നേരം വീട്ടിലിരുന്നാണഅ ജുനൈദ് തിരിച്ച് പോയത് ..നിബന്ധനകളില്ലാത്ത സ്നേഹം.
ബസ്സിറങ്ങിയപ്പൊ അങ്ങാടി വിജനമായിരുന്നു..ഒരൊറ്റ ഓട്ടോ പോലുമില്ല....നാല് മണിയായി, വെളിച്ചം വീഴുന്നത് വരെ കാത്തിരിക്കണോ ..നടക്കണോ ..നടന്നാൽ  ഒരു നാൽപ്പത് മിനിട്ട് കൊണ്ട് വീടെത്തും.
ബിനു നടക്കാൻ തീരുമാനിച്ചു.  ഓട്ടോക്കാരൻ  അയമുട്ടി വെള്ളപുതച്ച ഒരു വലിയ രൂപത്തെ കണ്ട് പേടിച്ചത് ആ വഴിയിലെവിടെയോ ആയിരുന്നു, രാത്രിയിൽ ചങ്ങല വലിച്ച് പോകുന്ന ശബ്ദം കുട്ടിക്കാലത്ത് ബിനുവും കേട്ടിട്ടുണ്ട്.  അതൊക്കെ പഴയകാലം.  നല്ല നിലാവുണ്ട്, പോരാത്തതിന് മൊബൈലിൽ വെളിച്ചവുമുണ്ട്.
ബിനു നടന്നു. നരിമാളൻ കുന്നിലേക്ക്  പോകുന്നവഴി തിരിയുന്നിടത്ത് ഒരു കുഞ്ഞൻ പാമ്പ് കാലിന്റെ ചവിട്ടേൽക്കാതെ മെല്ലെ വെട്ടിച്ച് കടക്കുന്നത് നേർത്ത നിലാവെളിച്ചത്തിൽ  ബിനു കണ്ടു, പുറത്തെ ഒരു ലൈറ്റ് പോലുമിടാത്ത  പിശുക്കൻമാരായ കുറിച്ചോർത്തു..ഇനി ആ വീട്ടിലൊന്നും ആരും ഇല്ലാഞ്ഞിട്ടാണോ എന്നൊരു നിമിഷം ചിന്തിച്ചു..വാർഡ് മെമ്പർ സരോജിനിച്ചേച്ചിയുടെ  വീട്ടിലെ പഴയ ഫാനിന്റെ ഇരമ്പൽ കേട്ടു, തെരുവ് വിളക്കോ കത്തുന്നില്ല, അവർക്കെങ്കിലും ഒരു ലൈറ്റ്  പുറത്തേക്കിട്ടാലെന്താ, അമ്മയുടെ അടുത്ത സുഹൃത്തായിരുന്നു അവർ.  ഇനി കാണുമ്പോൾ തമാശയായിട്ടെങ്കിലും പറയണം.
കുറച്ചകലെ ബിനുവിന്റെ വീടും നേർത്ത ഇരുട്ടിൽ  നനഞ്ഞ് നിൽക്കുന്നു.  വാതിൽക്കൽ അമ്മ നിൽക്കുന്നുണ്ടോ ?  അകത്ത് അച്ഛന്റെ ടേബിൾ ലാംബിന്റെ വെളിച്ചം അണയാതെ കിടക്കുന്നുണ്ടോ  ?​. ഇല്ല ഗേറ്റിൽ അല്പം ബലം പ്രയോഗിക്കേണ്ടി വന്നെങ്കിലും പതിവായി കയറുന്ന ഭാവത്തിൽ  ബിനു മുറ്റത്തേയ്ക്ക് കടന്നു.  ബെല്ലിലേക്ക് രൈ പോയെങ്കിലും എന്തോ മറന്നത് പോലെ ബാക്ക് പാക്ക് ബാഗ് എടുത്തു , സ്വിബ്ബ് തുറന്ന് ഒരു താക്കോൽ  കൂട്ടമെടുത്തു, വാതിൽ തുറന്ന് മൊബൈൽ വെളിച്ചത്തിൽ  മെയിൻ സ്വിച്ചിനടുത്തേയ്ക്ക് നടന്നു.  ആ വീട്ടിലെ എല്ലാ ബൾബുകളും മെയിൻ സ്വിച്ചിനൊപ്പും ഓണായി.  വീട് വെളിച്ചത്തിൽ കുളിച്ചു.  ടി.വിയും ഫാനും ഉൾപ്പെടെ എല്ലാം ഓണായി. രണ്ട് മിനിട്ട് ബിനു വെറുതെ നോക്കി നിന്നു പിന്നെ ബാഗ് സെറ്റിയിലേക്കിട്ടു കട്ടിലിലിരുന്ന തോർത്തെടുത്ത് കുളിമുറിയിലേക്ക്  കയറി.
പല്ല് തേയ്ക്കുന്നതിനിടയ്ക്ക്  ബിനു കണ്ണാടിയിൽ മുഖെ കണ്ടു.  ആ മുഖത്ത് പല ഛായകളും തെളിഞ്ഞു.  ലോകത്തിൽ ഏറ്റവും ഏകാന്തമായ  ഇടങ്ങളിൽ  ഒന്ന് ബാത്ത്റൂം ആണെന്ന തിരിച്ചറിവിൽ ബിനു മനസ്സിനെ സ്വതന്ത്രമാക്കി. ഷവറിലെ വെള്ളത്തിനൊപ്പം ഓർമകൾ ഒലിച്ചിറങ്ങി, കണ്ണീരും.

Comments

Popular Posts