Monday, 4 August 2014

അജ്ഞാതം

 അജ്ഞാതം
മേഘപാളികൾക്കിടയിലെവിടെയോ പറന്ന്  നടക്കുകയായിരുന്നു ആഗ്നസ്, ബെഡ്ഡിന്റെ തണുപ്പിനോട് ചേർന്ന്  പുതപ്പിന്റെ ഈഴിരകൾക്കുള്ളിലൂടെ  റിംഗ് ടോൺ അരിച്ചെത്തിയപ്പോൾ അവളാ മേഘങ്ങളിൽ നിന്ന് ഇറങ്ങി  വന്നു കണ്ണു തുറന്നു.  കൈകൾ ഫോണിനെ അന്വേഷിച്ച് ഇഴഞ്ഞപ്പോഴേക്കും റിംഗ് അവസാനിച്ചു. വീണ്ടും ഉറക്കത്തിലേക്ക് വീഴാനൊരുങ്ങിയപ്പോഴേക്കും ഫോൺ വീണ്ടും റിംഗ് ചെയ്തു. ഇത്തവണ ആഗ്നസിന്റെ കൈകൾ ഫോൺ തപ്പിയെടുത്തു. അജ്ഞാതമായൊരു നമ്പർ.
‘’ ദാറ്റ് വോസ്  എ  ഫൻറ്റാസ്റ്റിക് നൈറ്റ്, താങ്ക് യു വെരിമച്ച് ‘’ എന്ന് മാത്രം പറഞ്ഞ് ഒരജ്ഞാത ശബ്ദം.
ഏതോ ഒരാൾ മറ്റേതോ ഒരാളെ വിളിച്ചത് തന്റെ ഉറക്കം കെടുത്തിയതോർത്ത് ആഗ്നസ് പുതപ്പ് ഒരിക്കൽക്കൂടി തലയ്ക്ക് മുകളിലേക്ക് വലിച്ചിട്ട കണ്ണടച്ചു. അപ്പോഴാണ് ആഗ്നസ് അക്കാര്യമോർത്തത്.  അവൾ പുതപ്പ് മാറ്റി കണ്ണുതുറന്നു.
ഇതേതാണ് ഈ റൂം.  വെളുത്ത കർട്ടനുകളും ചുമരുകളിൽ മുഴുവൻ വെളുത്ത പെയിന്റും അടിച്ച് വെളുപ്പിന്റെ അതിപ്രസരമുള്ള, ജനലുകൾ തുറന്നിട്ടാൽ കിഴക്കൻ മലയിലേക്ക് ഇടിച്ച് കയറാൻ പോകുന്ന തണുപ്പൻ കാറ്റ് അതിക്രമിച്ചു കയറാറുള്ള  തന്റെ  വീട്ടിലെ റൂമല്ല. ഷെറിനോടും ജെനിയോടുമൊപ്പം താമസിക്കുന്ന ഫ്ലാറ്റിലെ   ചുവപ്പും നീലയും ഛായങ്ങളടിച്ച  ചുമരുകളല്ല. ഇടയ്ക്കൊക്കെ താൻ പോകാറുള്ള അജയ് യുടെ തീരെ അടുക്കും ചിട്ടയുമില്ലാത്ത ഫ്ലാറ്റിലെ റൂമുമല്ല. ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്ന് പെട്ടന്ന് ആഗ്നസിന്റെ മനസ്സിൽ ഭയത്തിന്റെ മിന്നൽ അടിച്ചു.
ബെഡ്ഡിൽ നിന്ന് ചാടിയെഴുന്നേറ്റ്  ജനലിനടുത്തെത്തി പുറത്തേയ്ക്ക് നോക്കിയപ്പോൾ ആഗ്നസിന്
രണ്ടു കാര്യങ്ങൾ മനസ്സിലായി.
ഒന്ന്.  ആഗ്നസിപ്പോൾ നിൽക്കുന്നത് അജ്ഞാതമായ ഏതോ നഗരത്തിലെ ഏതോ ഒരു കെട്ടിടത്തിന്റെ  പതിനഞ്ചാമത്തേയോ അതിനുമുകളിലത്തേയോ നിലയിലെ ഒരു റൂമിലാണ്.
രണ്ട്.  ആഗ്നസിന്റെ ദേഹത്ത് ആകെ ഉണ്ടായിരുന്ന പുതപ്പ് ആഗ്നസ് ജനലിനടുത്തയേക്ക് ഓടുന്നതിനിടയ്ക്ക വീണു പോയിരിക്കുന്നു.
എ.സിയുടെ തണുപ്പിനൊപ്പം ഭയം അരിച്ച് കയറിയപ്പോൾ ആഗ്നസ് എ.സിയുടെ റിമോട്ട് തപ്പിയെടുത്ത് എ.സി ഓഫ് ചെയ്തു. ഫോണെടുത്തു തന്നെ വിളിച്ച നമ്പറിലേക്ക് തിരിച്ച് വിളിച്ചു.
അജ്ഞാതമായ ഭാഷ ഏതെന്ന് ആഗ്നസിന് പിടികിട്ടിയില്ലെങ്കിലും, ആ വിളിക്കുന്ന നമ്പർ സ്വിച്ച് ഓഫ്ഡ് ആണെന്നും അതിലേക്കിനി വിളിച്ച് കാര്യമില്ലെന്നും അവൾക്ക് മനസ്സിലായി.  ജെനിയെയോ വിളിക്കാൻ നോക്കുമ്പോഴാണ് ആ ഫോണിലെ നമ്പറുകളെല്ലാം ഡെലീറ്റ് ചെയ്തിരിക്കുന്നതായി അവൾ ശ്രദ്ധിച്ചത്. ഇന്റർനെറ്റ് കണക്ടിവിറ്റിയും  ലഭിക്കുന്നില്ല. ബെഡ്ഡിനുസമീപത്തൊന്നും തന്റെ ഡ്രസ്സ് കാണാതായപ്പോൾ ആഗ്നസ് വാർഡ്രോബിലും ബാത്ത്  റൂമിലുമെല്ലാം നോക്കി. അവിടെയൊന്നും ഒരു വസ്ത്രം പോലും ഇല്ലായിരുന്നു. ഇന്നലെ താനിട്ട ഡ്രസ്സ് എന്തായിരുന്നു എന്ന് ഓർത്തെടുക്കാൻ ശ്രമിച്ചപ്പോഴാണ്   ഇന്നലെയെക്കുറിച്ച് തന്റെ ഓർമ്മയിൽ ഒന്നും ഇല്ലെന്ന് ആഗ്നസ് തിരിച്ചറിയുന്നത്. എന്ത് ചെയ്യണമെന്നറിയാതെ ബെഡ്ഡിൽ കയറി ആഗ്നസ് കാലുകൾ മടക്കി കാൽ മുട്ടുകൾക്കിടയിലേക്ക് തലമൂടി കൂനിക്കൂടി ഇരുന്നു.

‘’ എന്താ മോളെ ഇത്, എത്ര നേരായി കുളികഴിഞ്ഞിട്ട്,            ഒരു ഉടുപ്പെടുത്തിട് ‘’
കുളികഴിഞ്ഞ് , കുളക്കടവിൽ നിൽക്കുന്ന മൂന്നു വയസ്സുകാരി  ആഗ്നസ് വെള്ളത്തിൽ  വീണ ഒരുറുമ്പിനെ രക്ഷിക്കാൻ ഒരിലയെ വെള്ളത്തിലിട്ട് ഓളമുണ്ടാക്കുകയാണ്. പെട്ടന്നാണ് ഒരു വലിയ കല്ല് വന്ന് വെള്ളത്തിൽ വീണത്.
കോളിംഗ് ബെൽ, ആഗ്നസ് ഞെട്ടി എഴുന്നേറ്റു, പുതപ്പ് വലിച്ചെടുത്ത് വാരിപ്പുതച്ചു. വിയർപ്പ് തുള്ളികൾ പുതപ്പിനെ നനയിച്ചു. നിശബ്ദത.
ആഗ്നസ് തന്റെ ഓർമ്മയുടെ അറ്റത്തെ വള്ളിപിടിച്ചു. തിരക്കു പിടിച്ച ഓഫീസ് ദിവസത്തിനൊടുവിൽ ഓഫീസിൽ നിന്ന് എന്തൊക്കെയോ പ്ലാനുമായി ഓടിയിറങ്ങുന്ന ആഗ്നസും  ജെനിയും ഷെറിനും. ജെനി എന്തോ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്, അവൾ അസ്വസ്ഥയാണ്.
ഇതിനിടയ്ക്ക് വീട്ടിൽ നിന്ന് അപ്പ വിളിക്കുന്നു,  ഇങ്ങനെ ഇടയ്ക്കിടയ്ക്ക് വിളിക്കാൻ ചെറിയകുട്ടിയൊന്നുമല്ല എന്ന് അപ്പയോട് കയർക്കുന്നുണ്ട്.മമ്മ കൊടുത്തുിട്ട ആയുർവ്വേദമരുന്ന് കഴിക്കുന്നുണ്ടെന്നു പഥ്യമെല്ലാം കൃത്യമായി പാലിക്കുന്നുണ്ടെന്നും മമ്മയോട് കള്ളം പറയുന്നുണ്ട്. പിന്നെ ..പിന്നെ..എന്താണ്..

വീണ്ടും കോളിംഗ് ബെൽ.
പെട്ടന്ന് കിട്ടിയ ഒരു ധൈര്യത്തിൽ വാതിലിനടുത്തേയ്ക്ക് പോകുമ്പോൾ ആഗ്നസിനോട് ഉള്ളിൽ നിന്ന് ആരോ ചോദിച്ചു.
ആഗ്നസ്
ഒരു തവണ ഊരിയെടുത്തപ്പോഴേക്കും നിന്റെ ഓർമ്മകളെ മുഴുവൻ കൂടെ ഊരിപ്പോകാൻ മാത്രം
എന്ത് വേഷമാണ് നീ ധരിച്ചിരുന്നത്....................................
1 comment: