കഥയും കഥാപാത്രങ്ങളും..



താനില്ലാത്ത  തന്നെ പരിചയമുള്ള​ ഒരാൾ പോലുമില്ലാത്ത ഒരു കഥയെഴുതാനുള്ള ​അന്വേഷണത്തിലായിരുന്നു അയാൾ. തെരുവുകളിലും  ആഢംബര സൌധങ്ങളിലും   താഴ്വാരങ്ങളിലും പുഴയോരങ്ങളിലും കടൽത്തീരങ്ങളിലും എല്ലാം അന്വേഷിച്ചു,  കരിയും ചളിയും പുരണ്ടവരിലും ഒരിക്കൽപ്പോലും വിയർപ്പിന്റെ ഉപ്പുഗന്ധം അറിയാത്തവരേയും എല്ലാം പിന്തുടർന്നു.അവർക്കാർക്കും അയാളെ പരിചമുണ്ടായിരുന്നില്ല പക്ഷെ അവരിലൊക്കെ അയാളെ അറഇയാവുന്നവരുടെ അംശം അയാൾ കണ്ടു. കാലവും ദൂരവും താണ്ടി സഞ്ചരിച്ചു നോക്കി നിരാശയായിരുന്നു ഫലം.ശകുനിയും യൂദാസും തോളിൽ കൈയ്യിട്ടുപോകുന്നത് വൈകുന്നേരം ബാറിലിരുന്നപ്പോൾപ്പോലും കണ്ടതാണ്, ജൂലിയസ് സീസർ കൂട്ടുകാരൻ ബ്രൂട്ടസിനെ അന്വേഷിച്ച് ഇന്നലേംകൂടെ സ്റ്റാഫ് റൂമിൽ വന്നിരുന്നു,തുഗ്ളക്കിന്റെ പരിഷ്ക്കാരങ്ങൾക്കെതിരെ അല്ലേ ഇന്ന് കോളേജിൽ കുട്ടികൾ സമരം ചെയ്തത്.  അങ്ങനെ ഒട്ടേറെ ആലോചനകൾക്കൊടുവിൽ​ അയാൾ ഒരു സയൻസ് ഫിക്ഷൻ എഴുതാൻ മനസ്സുറപ്പിച്ചു. പതിനാല് ലക്ഷം വർഷങ്ങൾക്ക് മുൻപ്   പ്രപഞ്ചത്തിലുണ്ടായ രണ്ട് വ്യത്യസ്ത സ്ഫോടനങ്ങൾ അതിൽ സൃഷ്ടിക്കപ്പെട്ട രണ്ട് ഗ്രഹങ്ങൾ കറങ്ങിത്തരിഞ്ഞ് ഒടുവിൽ പരസ്പരം കൂട്ടിയിടിക്കാൻ പോവുകയാണ്. ഈ കൂട്ടിയിടി ഒഴിവാക്കാൻ പലരും ശ്രമിക്കുന്നു..പക്ഷെ പരാജയപ്പെടുന്നു..അവ കൂട്ടിയിടിക്കപ്പെടുന്നു. ഇതായിരുന്നു കഥ. പക്ഷെ ആ കൂട്ടിയിടി തന്റെ പ്രണയമാണെന്ന് തിരിച്ചറിയുന്നതോടെ അയാൾ പ്രപഞ്ചമായി. താനില്ലാതെ ഒന്നുമില്ലെന്ന തിരിച്ചറിവിൽ ചുറ്റിലുമുള്ളതെല്ലാം അയാൾ തച്ചുടച്ചു.  

Comments