Monday, 7 March 2011

ന്നാലും ന്‍റെ ക്രിക്കറ്റെ


ആദിയിൽ
(കപിൽ ദേവ് ലോകകപ്പ്‌ ഇന്ത്യയിലേക്ക്‌ കൊണ്ടുവന്നു 10 വർഷം കഴിഞ്ഞിട്ടും )
 ഞങ്ങളുടെ നാട്ടിൽ എന്ത് കൊണ്ടോ  ക്രിക്കെറ്റ്  ഉണ്ടായിരുന്നില്ല.
അതിനൊരു കാരണം അന്ന്  ആ പരിസരത്തൊന്നും കറന്റ്  ഇല്ലാത്തത് കൊണ്ട് തന്നെ ടിവി എത്തിയിരുന്നില്ല എന്നതായിരിക്കാം, പക്ഷെ ഒരഞ്ചു കിലോമീറ്ററിനപ്പുറമുളള
ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുന്ന (പോകുന്ന) സമയമാണ് എങ്ങിനെയാനെന്നറിയില്ല ആയിടക്കെപ്പോഴോ ആണ് ഫുട്ബോളിന് ചുറ്റു മാത്രം കറങ്ങിയിരുന്ന എന്റെ നാട്ടിലേക്ക് ഒരനിവര്യതയായി ക്രിക്കറ്റ് കയറി വന്നത്. പത്രത്തിൽ സച്ചിനും ലാറയുമൊക്കെ സ്ഥിരമായി നിറയാൻ തുടങ്ങിയപ്പോഴായിരിക്കാം അല്ലെങ്കിലൊരു പക്ഷെ സ്കൂൾ ഗ്രൗണ്ടിൽ കുറെ വെള്ളക്കുപ്പായക്കാര്‍ കാണിക്കുന്ന ക്രിയകളിലെ ആഖ്യയും ആഖ്യായികയും  തിരിച്ചറിയാൻ പറ്റാത്തതിന്റെ ശ്വാസം മുട്ടലിൽ നിന്നാകും ക്രിക്കറ്റിനോടുള്ള ഒരു ത്വര അങ്ങോട്ട്‌ പതഞ്ഞു കയറുന്നത് .പിന്നെ വല്ലവിധേനയും ഈ കളി പഠിക്കും എന്നാ തീരുമാനത്തിൽ ഞങ്ങളെത്തി, പക്ഷെ  എത്ര ശ്രമിച്ചാലും പിടിതരാതെ അതിന്റെ വിചിത്ര നിയമങ്ങൾ  ഒഴിഞ്ഞു മാറിക്കൊണ്ടേയിരുന്നു, എന്നിട്ടും  കുട്ടിയും  കോലും കളിയുടെ അന്താരാഷ്ട്ര നിയമാവലികൾ വച്ചു അഡ്ജസ്റ്റ്  ചെയ്തു ഒരു വിധത്തിൽ നാട്ടിലെ പരിഷ്കാരികൾ എന്ന നിലക്ക് ഞങ്ങളാ കളിക്ക്  പിന്നാലെ കൂടി ,ആദ്യ കാലങ്ങളിൽ ബാറ്റ്(തേങ്ങ മടല്‍ അല്ലെങ്കില്‍ പട്ടിക കഷ്ണം )  അറിയാതെ നിലത്തു വെയ്ക്കുന്നവരെല്ലാം ഔട്ട്‌ ആകുമായിരുന്നു.. ‍ പിന്നെ ബാറ്റിൽ  തട്ടാതതെല്ലാം  വൈഡ് എന്നാ നിലക്ക് ഞങ്ങൾ പുരോഗമിച്ചു ,  നോബോളും വൈഡും ഓവറും അങ്ങനെ  നാട്ടുകാരുടെ ജീവിതത്തിന്റെ ഭാഗമായി , അതോടെ സമൂഹത്തിൽ സമൂലമായ മാറ്റം സംഭവിച്ചു ആഴ്ച്ചയിലോരിക്കലെങ്കിലും പണിക്കു പോയിരുന്ന സുരേഷേട്ടനൊന്നും പിന്നെ ആവിധത്തിലുള്ള അലമ്പ് പരിപാടികള്‍ക്ക് പോകാതെയായി  ഫുട്ബോൾ ഗ്രൌണ്ടിലുണ്ടായിരുന്ന പ്രായ വിവേചനം ക്രിക്കറ്റ് ഗ്രൌണ്ടിലേക്ക് വന്നില്ല നാല്‍പ്പതു കഴിഞ്ഞ വിജയെട്ടനോക്കെ പതിമൂന്നു തികയാത്ത ശരത്തിന്റെ പന്തില്‍ ക്ലീൻ ബൌൾഡായി .തുടര്‍ച്ചയായി മൂന്നു പന്തുകൾ വൈഡ് ആക്കിയ
സക്കീറിനോട് ബാറ്റ്സ്മാൻ  ജലീൽ ക്രീസിനു പുറത്തിറങ്ങി വന്നു ചൂടായി " പന്തെറിയാൻ അറിയില്ലെങ്കില്‍ നിര്‍ത്തി പോടാ *****
മോനെ " - ആ എറിയുന്ന ഓരോ വൈഡിനും റണ്‍സ് ഉണ്ടെന്നും അത് നമ്മുടെ ടീമിന് ജയിക്കാൻ നല്ലതാണെന്നും ഒരു വിധത്തിൽ പറഞ്ഞു ബോധ്യപ്പെടുതിയത്തിനു ശേഷമാണ് ജലീല്‍ അന്നടങ്ങിയത്.ഏപ്രില്‍ 26  നു കല്യാണം നടത്താൻ പറ്റില്ല അന്ന് പടയാളിപ്പറബ്ബ് ഗ്രൗണ്ടില്‍  കളിയുണ്ട് എന്ന് പ്രശാന്ത് വീട്ടുകാരോട് പറയുന്നത് വരെ എത്തുന്ന രീതിയിൽ ചെറുപ്പക്കാരുടെ സംസ്കാരം അഭിവൃദ്ധിപ്പെട്ടു . പലരുടെയും ക്ലാസ്സിലേക്കുള്ള വഴികൾ ഗ്രൌണ്ടിലേക്ക് തിരിഞ്ഞു,ക്രിക്കറ്റ് കളിക്കാനായി രാവിലെ വീട്ടിൽ നിന്നിറങ്ങുന്ന പാവപ്പെട്ട വീട്ടിലെ  പ്രായ പൂര്‍ത്തിയായ ചെറുപ്പക്കാര്‍ക്ക് വേണ്ടി , അവരുടെ ബീഡി ,സിഗരറ്റ്,സിനിമ തുടങ്ങിയ ഭൌതിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ  മൂലധനം സ്വരൂപിക്കുന്നതിനായി അച്ചനും അമ്മയും ദിവസവും കൂലിപണിക്കു പോയി , മോൻ ലഞ്ചു ബ്രേക്കിന് വരുമ്പോള്‍ വെട്ടി വിഴുങ്ങാനായി ചോറും കറിയും അവര്‍ റെഡിയാക്കി   വേനലവധികൾ ക്രിക്കറ്റിന്റെ വിശുദ്ധ മാസങ്ങളായി ,  രാവിലെ വല്ലതും അടിച്ചു കേറ്റി ഇറങ്ങും കളി മൂക്കുകയാനെങ്കിൽ ലഞ്ചിന്  ബ്രേക്ക് ഉണ്ടായെന്നു വരില്ല,പകൽ മത്സരങ്ങൾ  അമ്പലപ്പറമ്പിലെ മരങ്ങള്‍ക്കിടയിലൂടെ ആയതു കൊണ്ട് വെയിലിനും ഞങ്ങളെ തോൽപ്പിക്കാനാവില്ലായിരുന്നു.
ഒരിക്കൽ നമ്പൂരി മാഷിന്റെ പാടത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ്  ഈ സംഭവം രാജേഷിന്റെ കൂറ്റനടി ലോങ്ങ്‌ ഓണില്‍ ബൌണ്ടറി കടന്നു കടന്നില്ല എന്ന മട്ടില്‍ ക്യാച്ച് ചെയ്ത അനീസ്‌   ആഹ്ലാദത്തിൽ പന്ത് മുകളിലേക്കെറിഞ്ഞു ഓടുകയാണ്  അനീസിനെ അഭിനന്ദിക്കാന്‍ അടുത്തേക്കോടിയവരെയൊക്കെ വടിയാക്കി അനീസ്‌ പിന്നേം ഓടുന്നു.. ഇവനിതെന്തു പറ്റി എന്ന് ആലോചിച്ചപ്പോഴേക്കും പാടത്തിനോടു ചേര്‍ന്നുണ്ടായിരുന്ന ഒരു കൈത്തോട്‌ അവനെടുത്ത് ചാടി  ,ആ തോടിനു കുറുകെ ഒരാള്‍ക്ക്‌ അങ്ങനെ ചാടാൻ പറ്റുമെന്ന് അന്നാണ് എനിക്ക് മനസ്സിലായത്‌
പിന്നാലെ മറ്റൊരു കാര്യവും മനസ്സിലായി അബ്ദു ഇക്കാന്റെ മകനാണെങ്കിൽ അനീസല്ല  മമ്മൂട്ടി വരെ അതല്ല അതിനപ്പുറം ചാടും , മക്കളെ ഒലക്ക കൊണ്ട് അടിക്കണം എന്നൊക്കെ ആരൊക്കെയോ ആരോടെക്കൊയോ പറഞ്ഞതായിട്ടുള്ള കേട്ട് കേള്‍വി മാത്രമേ എനിക്കുണ്ടായിരുന്നൊള്ളൂ , ചെറിയൊരു ഒലക്കയുമായി വരുന്ന വാപ്പാനെ ആ തകര്‍പ്പൻ ക്യാച്ച് എടുക്കുന്നതിനിടയിലും അനീസ്‌ ശ്രദ്ധിച്ചിരുന്നു,ഹാലിളകിയാ മൂപ്പര് ശരിക്കും ആ ഒലക്ക കൊണ്ട് പണികൊടുക്കുമെന്ന്  അനീസിന് ഉറപ്പായിരുന്നു.
പശുവിനു പിണ്ണാക്ക് കലക്കികൊടുത്തില്ല എന്ന ഗുരുതരമായ തെറ്റാണ് , പോരാത്തതിന് ക്രിക്കറ്റും കളിക്കുന്നു, ജനിച്ചിട്ട് ഇതുവരെ മറ്റെന്തിനെക്കാളും അബ്ദുക്കാനെ ഇത്രത്തോളം അസ്വസ്ഥമാക്കിയ  മറ്റൊരു സാധനമില്ല , കുറെ ആളുകൾ രാവിലെ മുതൽ വെറുതെ നിന്ന് വെയില് കൊള്ളുന്നു , ഒരുത്തൻ എറിയുന്നു ,ഒരുത്തൻ അടിക്കുന്നു,അതിനെക്കാളുപരി ഫുട്ബോള്‍ കളിക്കേണ്ട സമയത്ത്കൂടി ഇവൻമാര് ക്രിക്കറ്റ് കളിക്കുന്നു .. അബ്ദുക്കന്റെ  അസ്വസ്ഥതക്ക് കാരണങ്ങൾ ഏറെയായിരുന്നു .
തോടിനപ്പുറം കടന്നതോടെ അനീസ്‌ relax  ആയി , fitness ല്‍  ശ്രദ്ധിക്കെണ്ടിയിരുന്നത് കൊണ്ട് ഞങ്ങൾ അല്‍പ്പം  മാറിയിരുന്ന് ആ സീൻ ആസ്വദിച്ചു. ഒരു വാപ്പാക്ക് പറയാവുന്നതിലും അപ്പുറമുള്ള മാന്യമായ തെറികൾ അനീസ്‌ തന്റെ വാപ്പയുടെ വായിൽ നിന്ന് കേട്ട്കൊണ്ടേയിരുന്നു.
അനീസ്‌ ആകട്ടെ അതെല്ലാം ഒരംഗീകാരം പോലെ ഏറ്റു വാങ്ങിക്കൊണ്ടിരുന്നു മ്മ്മള്ത് തൊക്കെ കുറെ  കേട്ടതാ എന്നൊരു ഭാവം.. ഡാ എങ്ങനെണ്ട്  എന്ന മട്ടിൽ അവൻ ഇടയ്ക്കിടയ്ക്ക് ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു  വ്യാകരണ നിയമങ്ങളെ തെറ്റിച്ചുകൊണ്ടു സ്വന്തം മകന്റെ  വാപ്പാക്ക് വിളിക്കുക തുടങ്ങി പ്രോട്ടോകോൾ ലംഘനങ്ങളുൾപ്പെടെ  ഇതിങ്ങനെ പിന്നെ ഒരു തുടര്‍ക്കഥയായി ,ഞങ്ങൾ ക്രിക്കറ്റ് കളിക്കും ഇടക്ക് അനീസ്‌ ഓടും വാപ്പ പിറകെ ഓടും തെറിവിളിക്കും മടുക്കുമ്പൊ അങ്ങേരു നിര്‍ത്തിപ്പോകും  പിന്നേം ഞങ്ങൾ കളിക്കും .

   ചെക്കന്‍മാര്‍ നന്നാകൂല എന്ന് മനസ്സിലാക്കിയ അബ്ദുക്ക വേനലിൽ  ഞങ്ങൾ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന നമ്പൂതിരി മാഷിന്റെ പാടം പാട്ടത്തിനെടുത്ത് അതില്‍ കപ്പ കൃഷി തുടങ്ങി അങ്ങനെ കളി അബ്ദുക്കാന്റെ തന്നെ അനിയന്‍  മാനുക്കാന്റെ തെങ്ങിന്‍ തോപ്പിലേക്ക് മാറ്റി, തെങ്ങുകള്‍ ബൌണ്ടരികളായി കളി പല ഇന്നിങ്ങ്സുകളും പിന്നിട്ടു..അബ്ദുക്കാക്ക് സഹിച്ചില്ല അനിയനോട് പറഞ്ഞു മൂപ്പരാ തെങ്ങിന്റെ എടേല്  പയന്റ കൃഷി തുടങ്ങി തോല്‍ക്കാൻ ഞങ്ങള്‍ക്ക് മനസ്സില്ല എന്ന് പറഞ്ഞു ഞങ്ങള്‍  കളി ദേവസ്വം വക ജൂപിറ്റർ പറമ്പിലേക്ക് മാറ്റി ,ചെങ്കല്ല്  ക്വാറികളുടെ ചെറിയ ചെറിയ ഗ്യാപ്പുകള്‍ക്കിടയിൽ ഞങ്ങളൊരു കളിക്കളത്തിനു ബൌണ്ടറി കണ്ടെത്തി അടുത്ത ആഴ്ച്ച തന്നെ നൂറു രൂപ മാച്ച് ഫീസ്‌ വാങ്ങി കിലുക്കം ഫാന്‍സി  ട്രോഫിക്ക് വേണ്ടിയുള്ള ഒരു  ടൂര്‍ണമെന്റും അവിടെ നടന്നു .ദേവസ്വം സെക്രടറി രാമന്‍ നായര്‍ അബ്ദുക്കാനോട് സംസാരിച്ചു നില്‍ക്കുന്നതു കണ്ടപ്പോഴേ ചിലര്‍ തമാശക്ക് പറഞ്ഞു "അളിയാ അബ്ദുക്ക പണിതരോ ?"  പക്ഷെ ഒന്നും സംഭവിക്കില്ല എന്ന് വിചാരിച്ചവരുടെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട്  അബ്ദുക്ക പണി തന്നു അന്ന് വരേ ആ നാട്ടില്‍ കേട്ടിട്ടില്ലാത്ത ചണപ്പുല്ലു കൃഷി ചെയ്യാൻ അബ്ദുക്ക രാമന്‍ നായരെ ഉപദേശിച്ചു കൃ‍ഷി വകുപ്പുമായി നല്ല ബന്ധമുള്ള നാട്ടിലെ പേരുകേട്ട കൃഷിക്കാരനായ അബ്ദുക്കാന്റെ വാക്കുകൾ ദേവസ്വം അടുത്തമാസം തന്നെ നടപ്പാക്കി..തിരിയുന്ന ടാപ്പുകളിൽ നിന്ന് വെള്ളം ചുറ്റും സ്പ്രേ ചെയ്യുന്ന കാഴ്ച്ച നാട്ടുകാര്‍ ആസ്വദിച്ചു ,ആഴ്ചയറുതികളിൽ കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള വലിയ ഗ്രൌണ്ടുകളില്‍ ടൂര്‍ണമെന്റുകളില്‍ കളിച്ചും അല്ലാത്തപ്പോള്‍ റോഡരികുകൾ ചിന്നസാമി സ്റ്റേഡിയങ്ങളാക്കിയും ഞങ്ങൾ ആശ തീർത്തു.

ട്വന്റി ട്വന്റി പോലെ കടന്നുപോയിക്കൊണ്ടിരിക്കുന്ന കാലത്തിന്റെ  ഒരു strategic  break ൽ ഈ അടുത്ത് സുന്ദരേട്ടന്റെ ചായക്കടയിലേക്ക് കയറി ചെല്ലുമ്പോൾ അവിടെ കടുത്ത ക്രിക്കെറ്റ്  ചര്‍ച്ച നടക്കുകയാണ്  പത്രത്തിൽ നിന്നു കണ്ണെടുക്കാതെ ഇടയ്ക്കിടയ്ക്ക്   ചായ  കുടിച്ചു കൊണ്ട് അബ്ദുക്ക അവിടെ ഇരിക്കുന്നുട്  ട്വന്റി ട്വന്റി യുടെ കാലത്ത് ഈ ലോക കപ്പിന് പ്രാധാന്യ മുണ്ടോ ? ടെസ്റ്റ്‌ ക്രിക്കെറ്റ്  നിർത്തലാക്കേണ്ട കാലം കഴിഞ്ഞു , ഇനി കളിക്കാർ ആവശ്യപ്പെട്ടാൽ ഫീല്‍ഡ് അമ്പയറുടെ തീരുമാനം പുനപരിശോധിക്കുന്നതിൽ എത്രമാത്രം ശരിയുണ്ട് തുടങ്ങിയ രീതിയിൽ ചര്‍ച്ച പുരോഗമിക്കുയാണ് ഇതിനിടക്ക്‌ അവസാനത്തെ  സിപ്പ് ചായയും കുടിച്ചു പത്രം മടക്കി വെയ്ക്കുന്നതിനിടയില്‍ അബ്ദുക്ക പറഞ്ഞ ഒരു ഡയലോഗ് എന്റെ ചെവിയുടെയോ ബുദ്ധിയുടെയോ തകരാര് കൊണ്ട് അങ്ങനെ പറഞ്ഞത് പോലെ തോന്നിയതാകാം എന്ന് മാത്രമേ ഞാന്‍ വിശ്വസിക്കുന്നുള്ളൂ "ഇപ്പത്തതൊക്കെ ഒരു കളിയാണോ അന്ന് 1983 ല്‍ കപിലൊക്കെ കളിച്ച കളി ...ആ സിംബവക്കെതിരെ എടുത്ത 175  അതോക്കെന്നു കളി അല്ലാതെ ഇപ്പള്ളതൊക്കെ ഒരു കളിയാണോ " ആ ശരിയാണ് എന്നാ മട്ടില്‍ ആരൊക്കെയോ അബ്ദുക്കാനെ സപ്പോര്‍ട്ട് ചെയ്തു ..മിഡ്ഡിൽ സ്റ്റെമ്പ് തെറിച്ച ബാറ്റ്സ്മാൻ അതിന്റെ റീപ്ളേ കാണാൻ ബിഗ് സ്ക്രീനിലേക്ക് നോക്കുന്നത് പോലെ ഞാൻ ആകാശം നോക്കി നിന്നു.

3 comments:

 1. നാളുകള്‍ക്കു ശേഷമുള്ള പോസ്റ്റ്‌ പ്രതീക്ഷ കളഞ്ഞില്ല. വേള്‍ഡ് കപ്പ്‌ ഒരു നല്ല പോസ്റ്റിനു പ്രചോദനമായല്ലോ അതുമതി... നന്നായി, അബ്ദുക്ക കലക്കി!!! ഇന്നിങ്ങ്സ് അവസാനിക്കുന്നതിനു മുന്‍പ് പുള്ളിയെ ഒന്ന് കാണണം എന്നുണ്ട് അടുത്ത നിലമ്പൂര്‍ വരവിനു നോക്കാം, അല്ലേ??

  ReplyDelete
 2. Aruneeeee super.... nalla interesting ayirunnu...
  ente pazhaya ormakalilekku koottikondupoya koottukarannu valare addikam nandi...

  ReplyDelete
 3. Ormakalile bouncers.... Nice description with spcies of memory.. Hats off to this stable wicket :)

  ReplyDelete