Wednesday, 31 July 2013

ശനിയാഴ്ചയിലെ കളി

ശനിയാഴ്ചയിലെ കളി


‘’കുറ്റം പറയുകയാണെന്ന് വിചാരിക്കരുത്, എന്റെ അഭിപ്രായം പറയുന്നു അത്രയേയൊള്ളൂ ആ മനോജിന് കാര്യമായ പണിയൊന്നുമില്ലാത്തത് കൊണ്ടാണ് അയാളിങ്ങനെ മറ്റുള്ളവരുടെ കുറ്റോം പറഞ്ഞ് നടക്കുന്നത് ഇയാൾക്കൊക്കെ കാര്യമായ എന്തെങ്കിലും അസൈൻമെന്റ് കൊടുക്കണംന്നേ അപ്പഴേ നന്നാകൂ അതിനെങ്ങനേ ആ മാനേജർ ശശിയ്ക്ക് ഇതിനുവല്ലോം നേരം വേണ്ടേ , അയാള് ഫുൾ ടൈം ആ ശാലിനിയുടെ പാവാടേ തൂങ്ങി നടക്കുവല്ലേ, ശാലിനി അവള് പണ്ട് വർക്ക് ചെയ്തിരുന്നത് എന്റെ ഒരു സുഹൃത്തിന്റെ ഓഫീസിലായിരുന്നല്ലോ അവിടെ അവൾക്ക് നല്ല പേരായിരുന്നു അവിടുന്ന് അവളെ ഇങ്ങോട്ട് കൊണ്ടുവന്നതാരാ നമ്മുടെ ജോസഫ്,  ജോസഫിന് പണ്ടേ ഒരു കണ്ണുണ്ടായിരുന്നതാ എന്നിട്ടിപ്പൊ എന്തായി ശശി കേറിയങ്ങ് ഫോർവേഡ് കളിക്കാൻ തുടങ്ങി അങ്ങനെ ശശി കാരണം ജോസഫിപ്പൊ വെറും ശശിയായി........’’
അത്രേം പറഞ്ഞി നിർത്തിയപ്പോഴാണ്  ടി.വിയിൽ തന്നോട് ശാരീരിക ബന്ധം പുലർത്തിയ  മന്ത്രിയുടെ പേര് ഒരു പെൺകുട്ടി വെളിപ്പെടുത്തിയതായുള്ള വാർത്തകണ്ട്  സണ്ണിക്കുട്ടി വാ പൊളിച്ച് പോയത്.
‘’ഏയ് ബ്രേക്കായി...ബ്രേക്കായി...’’
സണ്ണിക്കുട്ടിയ്ക്ക് ചുറ്റുമിരുന്നവർ കൈകൊട്ടിക്കൊണ്ട്  ആർത്തുവിളിച്ചു. നോൺ സ്റ്റോപ്പ് പരദൂഷണം കളിയിൽ അങ്ങനെ  നന്നായി കിട്ടിയ ഒരു തുടക്കം മുതലാക്കാനാവാത്ത നിരാശയിൽ സണ്ണിക്കുട്ടി തലയിൽ കൈവെച്ചിരുന്നുപോയി. ലജ്ജമറക്കാൻ അയാളാ നിമിഷം മുതൽ ആരോപണവിധേയനായ മന്ത്രിയെ കുറ്റം പറയാൻ തുടങ്ങി. മന്ത്രിമാത്രമല്ല അയാളുടെ അച്ഛനും ഇങ്ങനാണെന്നും തന്റെ പരിചയത്തിലുള്ള ഒരു സ്ത്രീയുമായി വരെ അയാൾക്ക് ബന്ധമുണ്ടെന്നും വരെ സണ്ണിക്കുട്ടി പറഞ്ഞു വെച്ചു.
അടുത്ത ഊഴം രശ്മിയുടേതാണ്, രശ്മി തൊണ്ടയനക്കി ഒരു നിമിഷം കണ്ണടച്ച് കാര്യങ്ങളൊക്കെ ഓർത്തെടുക്കുകയാണ്. ഇന്നത്തെ കളിയുടെ അവസാനത്തെ മത്സരാർത്ഥിയാണ് രശ്മി. ബാദുഷയും രാകേഷും നിമ്മിയും സിതാരയും അജേഷുമായിരുന്നു മറ്റ് മത്സരാർത്ഥികൾ. ഓഫീസിലെ പരദൂഷണം പറഞ്ഞുള്ള  ഈ കളിയിൽ രശ്മി മാത്രമാണ് ആ ഓഫീസിന് പുറത്തുള്ള മത്സരാർത്ഥി. അജേഷിന്റെ ഭാര്യയാണെന്നതും രശ്മിയുടേയും അജേഷിന്റേയും ഫ്ളാറ്റിലാണ് എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരങ്ങളിൽ  ഈ കളി നടക്കുന്നതെന്നതുമാണ് രശ്മിയുടെ ഈ മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയായികണക്കാക്കിയിരുന്നത്. എന്നിരുന്നാലും രശ്മി കളിയിൽ ഒട്ടും മോശമായിരുന്നില്ല പല ആഴ്ചകളിലും ഏറ്റവും കൂടുതൽ സമയം നിർത്താതെ കുറ്റം പറഞ്ഞ് വിജയിക്കുള്ള ഒരു കിലോ അണ്ടിപ്പരിപ്പ്  അവർ സ്വന്തമാക്കിയിട്ടുണ്ട്.
മോശമല്ലാത്ത പ്രകടനമായിരുന്നു രശ്മിയുടേത്, കുറ്റം പറയുന്നതിനിടയ്ക്ക്  പുതിയതായി ജോയിൻ ചെയ്ത ഒരു പയ്യന്റെ പേര് പരാമർശിക്കുന്നിടത്ത് വാക്കുകളുടക്കി രശ്മി ഔട്ടാകുകയായിരുന്നു.  ഓരോരുത്തരുടേയും പ്രകടനം  രാകേഷിന്റെ ടാബിൽ വീഡിയോ ആയിത്തന്നെ റെക്കോർഡ് ചെയ്തിരുന്നു. സമയത്തിന്റേയും അനർഘ നിർഗ്ഗളമായി വാക്കുകൾ പ്രവഹിച്ചതിന്റെ ഭംഗിയും എല്ലാം കണക്കാക്കി അവർകൂട്ടായിത്തന്നെ  ഈ ആഴ്ചയിലെ വിജയിയായി നിമ്മിയെ തിരഞ്ഞെടുത്തു.ഒരു കിലോ അണ്ടിപ്പരിപ്പിന്റെ പാക്കറ്റ് സമ്മാനമായി നൽകുകയും ചെയ്തു. ഈ ആഴ്ചയിലും സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും   ഇങ്ങനൊരു കളി ഭയങ്കര ആശ്വാസം തരുന്നെന്നും  ഇതും കൂടിയില്ലായിരുന്നെങ്കിൽ തിങ്കളാഴ്ച ഓഫീസിലേക്കേ പോകാൻ തോന്നില്ലെന്നും ബാദുഷ അഭിപ്രായപ്പെട്ടു. പറയാൻ വിട്ടുപോയ പോയന്റുകളെക്കുറിച്ച് സിതാര പരിതപിക്കുന്നതിനിടയിൽ രശ്മി ആഹാരം  മേശപ്പുറത്ത് നിരത്തി വെച്ചു.ഹോം ഡെലിവെറിക്കാരൻ പയ്യന്റെ ആത്മാർത്ഥതേയും ഇത്രപെട്ടന്ന് ഇതെല്ലാം കൃത്യമായി ഓരോ സ്ഥലങ്ങളിലെത്തിക്കുന്നതിന്റെ നൈപുണ്യത്തേയും രശ്മി ഇതിനിടയ്ക്ക്  വാനോളം പുകഴ്ത്തുന്നുണ്ടായിരുന്നു എന്നത്  അവളുടെ ഭർത്താവ് അജേഷിനെ അൽപ്പം അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു.
പെട്ടന്ന് ഒരു ഫോൺകോൾ വന്നപ്പോൾ സണ്ണിക്കുട്ടി അതുമായി
എഴുന്നേൽക്കുകയും ഒരത്യാവശ്യമാണെന്നും താനിറങ്ങുകയാണെന്നും കൈകൊട്ടും തലകൊണ്ടുമെല്ലാം ആഗ്യം കാണിച്ചു.വാതിലടയുന്ന ശബ്ദത്തോടൊപ്പം  രാകേഷ് ഒരു പുച്ഛരസത്തോടെ പറഞ്ഞു

പറഞ്ഞു
‘’ ആ ഫോണിലാരാന്നാ ‘’
 ‘’ആരാ ?’’
‘’ ഹും‘’ രാകേഷ് ഒരിക്കൽക്കൂടിയാ ആ  പുച്ഛച്ചിരിച്ച് മറ്റുള്ളവരുടെ ആകാംക്ഷ വർദ്ധിപ്പിച്ചു.
വായിലേക്കുള്ള വഴിയിൽ ഒരു ചിക്കൻ കാലുമായി ബാദുഷ, പൊറോട്ടയെടുക്കാനായി  നീണ്ടു പോയ കൈയ്യുമായി നിമ്മി, വെള്ളമൊഴിക്കാനായി ഉയർത്തിയാ ജഗ്ഗുമായി അജേഷ് അങ്ങനെ എല്ലാവരും സ്റ്റിൽ ആയി നിൽക്കുകയാണ്.
‘’ശാലിനി’’
‘’ ഏത് അവനിന്ന് ഏറ്റവും കുറ്റം പറഞ്ഞ ശാലിനിയോ ‘’
‘’ഉം’’
‘’  എന്നാലും എന്റെ സണ്ണീക്കുട്ടീ..... ‘’
സിതാരയുടെ ദീർഘ നിശ്വാസത്തിൽ എന്തോ ഒരു പന്തികേടില്ലേ എന്ന സംശയത്തിൽ രാകേഷ് ഒരു പൊറോട്ടകൂടി വലിച്ച് കീറി.
രാകേഷ് കൈ കഴുകാനായി പോയപ്പോൾ ഇവനിതെങ്ങനെ അറിയാം
എന്ന് സിതാര നിമ്മിയോട് പിറു പിറുക്കുന്നുണ്ടായിരുന്നു.
‘’ അവനാരാ മോൻ ‘’ എന്ന് നിമ്മി അപ്പോൾ മറുപടിയായി പിറുപിറുത്തു.
ബാദുഷ പോകാനിറങ്ങിയപ്പോൾ ഞാനും വരുന്നെന്ന് പറഞ്ഞ്  സിതാര ചാടിയിറങ്ങി. രശ്മി അവരെ വാതിൽക്കലോളം ചെന്ന് യാത്രയാക്കി പിന്നെ ബാൽക്കണിയിൽ പോയിനിന്ന്  കൈവീശിക്കാണിച്ചു.
‘’ അവരുടെ ഇരിപ്പത്ര ശരിയല്ല കെട്ടോ ‘’
രശ്മിയുടെ മുനവെച്ചവാക്കായിരുന്നു ഏതാണ്ട്  സമാപനമായ ആ ആഴ്ചയിലെ സദസ്സിലെ അവശേഷിക്കുന്നവരെ ഉണർത്തിയത്.
പിന്നെ ബാദുഷയുടെ ബയോഡാറ്റയിലൂടെ സിതാരയുടെ സംശയാസ്പദമായ പെരുമാറ്റങ്ങൾ, ചില സമയങ്ങളിലുള്ള രണ്ട് പേരുടേയും ചിരി, ചിരിയില്ലായ്മ, ഉണ്ടാകാനിടയുണ്ടായിട്ടുള്ള സാധ്യതകളുടെ നീണ്ട പട്ടികൾ...അങ്ങനെ എല്ലാം ചർച്ചക്കെത്തിയതോടെ  അരങ്ങ് കൊഴുത്തു. ഇതിനിടയ്ക്ക് ഭർത്താവ് വന്ന് വിളിച്ചതോടെ മനസ്സില്ലാ മനസ്സോടെ നിമ്മിക്ക് പോകേണ്ടിവന്നു.
നിമ്മിയുടെ ഭർത്താവിന്റെ ആറ്റിറ്റ്യൂടില്ലാത്ത പെരുമാറ്റത്തെ പറ്റിയും അയാളുടെ അവിഹിത ബന്ധങ്ങളെപറ്റിയും പറഞ്ഞത് അജേഷായിരുന്നു.ഒടുവിലത്തെ അതിഥിയായ രാകേഷിനെ യാത്രയാക്കി
വാതിലു ലോക്ക് ചെയ്യുപോൾ, കഴിയുമെങ്കിൽ അടുത്ത ആഴ്ചമുതൽ രാകേഷിനെ ഈ കളിക്ക് വിളിക്കരുതെന്നും അയാളെ തനിക്കീയിടയായി
തീരെ ഇഷ്ടപ്പെടുന്നില്ലെന്നും രശ്മി  അജേഷിനോട് തുറന്നടിച്ചു.തനിക്കും അങ്ങനെ തോന്നിയെന്നും ചില സമയത്ത് അവന്റെ പെരുമാറ്റം തനികൂതറയാണെന്നും പറഞ്ഞൊഴിഞ്ഞ് അജേഷ് ബെഡ്ഡിലേക്ക് മറിഞ്ഞ് അഞ്ച് മിനിട്ടിനുള്ളിൽ കൂർക്കം വലി തുടങ്ങി.
രശ്മി തിരിച്ച് ബാൽക്കെണിയിൽ പോയി   നിലാവ് നോക്കി നിന്നൊരു ദീർഘ നിശ്വാസമെടുത്തു. കൈയ്യിലെ മൊബൈൽ ഫോണിൽ അപ്പോൾ
ഒരു മണികഴിഞ്ഞ് നാൽപ്പത് മിനിട്ടായിരുന്നു.‘’ എന്താടാ ഇത്ര ലേറ്റായത് ?’’
 ‘’ വഴിയില്  ഒടുക്കത്തെ ബ്ലോക്ക് ‘’
‘’ ഈ നട്ടപ്പാതിരക്കോ ?’’
‘’ അതവിടെ നിക്കട്ടേ..നിന്റെ ആ മരങ്ങോടൻ ഉറങ്ങ്യോ ?’’
‘’ ദേ അവിടെ കൂർക്കം വലിച്ച് കെടക്ക്ണ്ണ്ട്’’
........................No comments:

Post a Comment