ഗൃഹാതുരത്വം
മഞ്ഞവെളിച്ചത്തിൽ ഉറക്കം വന്നിട്ടും ഉറങ്ങാതെ നിൽക്കുകയാണ് തൃശൂർ കെഎസ്ആർടിസി സ്റ്റാന്റ് . എട്ടരയ്ക്കുള്ള വഴിക്കടവ് ബസ്സിന് കാത്ത് നിന്നതാണ് ബിനു, ഇപ്പൊ സമയം പന്ത്രണ്ടര കഴിഞ്ഞു. ഏട്ടോ നിലമ്പൂര് ബസ് വര്വോ ? എൻക്വയറി കൌണ്ടറിൽ ആരോ പിന്നെയും ചോദിക്കുന്നു ഒരു മൈസൂരും ഒരു വഴിക്കടവും വരാനുണ്ട് ആവർത്തിച്ച് ആവർത്തിച്ച് കേട്ടിട്ടും ക്ഷമനഷ്ടപ്പെടാതെ കൌണ്ടറിലെ ആൾ മറുപടി കൊടുത്തു. ശനിയാഴ്ചകളിൽ ബിനുവിന് ഇതൊരു പുതിയ അനുഭവമല്ല, ഓഫീസിൽ നിന്നും അഞ്ചരയ്ക്ക് ചാടിയിറങ്ങി എർണാകുളത്ത് നിന്ന് കിട്ടുന്ന ട്രെയിൻ പിടിച്ച് തൃശൂരിൽ വന്നിറങ്ങും,ബസ് എപ്പവരും എന്ന് ഒരു ഉറപ്പും ഇല്ലാത്തതിനാൽ ആദ്യം ഹോട്ടലിൽ കയറി എന്തെങ്കിലും കഴിക്കും, ഒരൽപ്പം വിശപ്പ് വീട്ടിലേക്ക് മാറ്റിവെയ്ക്കും, പിന്നെ എൻക്വയറി കൌണ്ടറിൽ പോയി ബസ് പോയിട്ടില്ലെന്ന് ഉറപ്പ് വരുത്തും. കാത്തിരിപ്പുകളില്ലാതെ ഈ റൂട്ടിൽ ഒരു യാത്ര ഉണ്ടായിട്ടില്ല. ചില ദിവസങ്ങളിൽ കോഴിക്കോട്ടേയ്ക്കും പാലക്കാട്ടേയ്ക്കും ഒന്നിന് പിറകെ ഒന്നായി ബസ്സുകൾ വരുന്നത് കാണുമ്പോൾ കോഴിക്കോടോ പാലക്കാടോ ആയിരുന്നു വീടെങ്കിലെന്...